ഇന്ത്യൻ വംശജ നിക്കി ഹേലി യുഎൻ സ്ഥാനപതിയാവും
Thursday, November 24, 2016 4:30 AM IST
വാഷിംഗ്ടൺ: സൗത്ത് കരോളൈനയിലെ റിപ്പബ്ളിക്കൻ ഗവർണറും ഇന്ത്യൻ വംശജയുമായ നിക്കി ഹേലിയെ യുഎന്നിലെ യുഎസ് സ്ഥാനപതിയായി നിയമിക്കുമെന്നു ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ട്രംപ് ഭരണകൂടത്തിൽ കാബിനറ്റ് പദവിയിൽ നിയമിക്കപ്പെടുന്ന ആദ്യ വ്യക്തിയാണ്. യുഎസിൽ കാബിനറ്റ് പദവി കിട്ടുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന ബഹുമതിയും ഹേലിക്കു സ്വന്തം. സെനറ്റിന്റെ സ്ഥിരീകരണം കിട്ടിയശേഷം സാമന്ത പവറിന്റെ പിൻഗാമിയായി ഹേലി യുഎന്നിൽ ചുമതലയേൽക്കും.

റിപ്പബ്ളിക്കൻ പ്രൈമറികളിൽ ട്രംപിനെ രൂക്ഷമായി വിമർശിക്കുകയും മാർക്കോ റൂബിയോയെ പിന്തുണയ്ക്കുകയും ചെയ്ത ഹേലി പൊതു തെരഞ്ഞെടുപ്പിൽ കളംമാറ്റിച്ചവിട്ടി ട്രംപിനു വേണ്ടി പ്രവർത്തിച്ചു. വിഭിന്ന പശ്ചാത്തലത്തിലുള്ളവരെ പാർട്ടിഭേദമെന്യേ രാജ്യനന്മയ്ക്കായി ഒരുമിച്ചുകൊണ്ടുവരുന്നതിൽ ഗവർണർ ഹേലിയുടെ ട്രാക്ക് റിക്കാർഡ് മികച്ചതാണെന്നു ട്രംപ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ആഗോളവേദിയിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന മികച്ച നേതാവായിരിക്കും ഹേലിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.

സൗത്ത് കരോളൈനയുടെ വളർച്ചയിൽ ഹേലിയുടെ പങ്ക് വലുതാണ.് വാണിജ്യമേഖലയിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ് സൗത്ത് കരോളൈന.

ഇതെല്ലാം ഗവർണർ ഹേലിയുടെ കഴിവാണെന്നും അതുകൊണ്ടാണ് അവരെ ഉന്നത പദവിയിലേക്കു ക്ഷണിക്കുന്നതെന്നും ട്രംപ് പറഞ്ഞു. പഞ്ചാബിൽ കുടുംബവേരുകളുള്ള 44കാരിയായ ഹേലി അമേരിക്കയിലേ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറാണ്. ലൂയിസിയാന മുൻ ഗവർണർ ബോബി ജിൻഡലാണ് ആദ്യത്തെ ഇന്ത്യൻ വംശജനായ ഗവർണർ.

ആഭ്യന്തര, അന്തർദേശീയ തലങ്ങളിൽ രാജ്യം ഏറെ പ്രതിസന്ധി നേരിടുന്ന സന്ദർഭത്തിൽ ഭരണസംഘത്തിൽ ചേരാൻ ട്രംപ് തന്നെ ക്ഷണിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് നിക്കി ഹേലി പ്രതികരിച്ചു.

കാബിനറ്റ് പദവിയിൽ എത്തുന്ന പ്രഥമ ഇന്ത്യൻ വംശജ

ന്യൂയോർക്ക്: യുഎസ് ഭരണകൂടത്തിൽ കാബിനറ്റ് പദവിയിലെത്തുന്ന പ്രഥമ ഇന്ത്യൻ വംശജയാണ് യുഎൻ സ്ഥാനപതിയായി ട്രംപ് നോമിനേറ്റ് ചെയ്ത റിപ്പബ്ളിക്കൻ ഗവർണർ നിക്കി ഹേലി.

പഞ്ചാബിൽ കുടുംബ വേരുകളുള്ള നിമ്രതാ നിക്കി റണ്ഡ്വായുടെ ജനനം 1972ൽ സൗത്ത് കരോളൈനയിലെ സിക്ക് കുടുംബത്തിലായിരുന്നു. സിക്ക് മതത്തിൽ നിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത നിക്കി 1996ൽ സൈന്യത്തിലെ ക്യാപ്റ്റൻ മൈക്കൽ ഹാലെയെ വിവാഹം ചെയ്തു.

മൈക്കൽ ഹാലെ അഫ്ഗാനിസ്ഥാനിൽ സൈനികസേവനം നടത്തിയിട്ടുണ്ട്. 2005ൽ സൗത്ത് കരോളൈന അസംബ്ളിയിൽ നിക്കി ഹേലി വിപ്പായി. ആറു വർഷം ജനപ്രതിനിധി സഭാംഗമായി പ്രവർത്തിച്ചു.

ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടശേഷം പാർട്ടിയിൽ അവരുടെ വളർച്ച ത്വരിതഗതിയിലായിരുന്നു. 2014ൽ രണ്ടാംവട്ടവും ഗവർണറായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞയാഴ്ച റിപ്പബ്ളിക്കൻ ഗവർണേഴ്സ് അസോസിയേഷന്റെ ഉപാധ്യക്ഷയായി. 33 സ്റ്റേറ്റുകളിൽ ഇപ്പോൾ റിപ്പബ്ലിക്കന്മാരാണു ഗവർണർ പദവി വഹിക്കുന്നത്.

അന്തർദേശീയതലത്തിൽ വലിയ പ്രവർത്തന പരിചയം ഇല്ലെങ്കിലും ആശയവിനിമയത്തിലും പ്രശ്ന പരിഹാരത്തിലും ഹേലിക്കുള്ള മികവ് മുതൽക്കൂട്ടാവുമെന്നാണു ട്രംപ് ക്യാമ്പിന്റെ കണക്കുകൂട്ടൽ. ജനുവരിയിൽ യുഎൻ സെക്രട്ടറി ജനറലായി ചുമതലയേൽക്കുന്ന അന്റോണിയോ ഗുട്ടെറസിനോടൊപ്പമാവും ഹേലിക്കു പ്രവർത്തിക്കേണ്ടിവരിക.

ഇതിനിടെ മുൻ മാസച്യൂസെറ്റ്സ് ഗവർണർ മിറ്റ് റോംനിയെ സ്റ്റേറ്റ് സെക്രട്ടറി പദത്തിലേക്കു ട്രംപ് പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്. റൂഡി ജൂലിയാനി, നിക്കി ഹേലി എന്നിവരുടെ പേരുകളും നേരത്തെ സ്റ്റേറ്റ് സെക്രട്ടറി പോസ്റ്റിലേക്കു പറഞ്ഞു കേട്ടിരുന്നു. റിട്ടയേർഡ് ജനറൽ ജെയിംസ് മാറ്റിസിനെ പ്രതിരോധ സെക്രട്ടറിയായി ട്രംപ് നിയമിച്ചേക്കും.