സൽമാൻ രാജാവിന്റെ കിഴക്കൻ പ്രവിശ്യാ സന്ദർശനത്തിന് 24 മുതൽ
Thursday, November 24, 2016 6:56 AM IST
ദമാം: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ കിഴക്കൻ പ്രവിശ്യാ സന്ദർശനത്തിന് നവംബർ 24ന് (വ്യാഴം) തുടക്കം കുറിക്കും. ഭരണാധികാരിയായി ചുമതലയേറ്റ ശേഷം ആദ്യമായി കിഴക്കൻ പ്രവിശ്യയിലെത്തുന്ന സൽമാൻ രാജാവ് പ്രവിശ്യയിലെ നിരവധി വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.

വെള്ളിയാഴ്ച ദമാമിൽ നടക്കുന്ന കിംഗ് അബ്ദുൾ അസീസ് അന്താരാഷ്ര്‌ട സംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കുന്ന സൽമാൻ രാജാവ് അൽ ഹസയിൽ നിർമിക്കുന്ന ഒരു ലക്ഷം പാർപ്പിടങ്ങളുടെ നിർമാണ പദ്ധതിക്കും തുടക്കം കുറിക്കും. വിവിധ മേഖലകളിൽ നിർമാണം പൂർത്തിയാക്കിയ പല പദ്ധതികളും പൊതുജനത്തിനായി തുറന്നു കൊടുക്കും. തിങ്കളാഴ്ച ദമാം ഖലീജ് പാലസിൽ ചേരുന്ന മന്ത്രിസഭാ യോഗത്തിലും രാജാവ് സംബന്ധിക്കും.

പ്രവിശ്യയുടെ സാമ്പത്തികവും സാമൂഹ്യവുമായ മുന്നേറ്റത്തിനു സൽമാൻ രാജാവിന്റെ സന്ദർശനം ഏറെ പ്രയോജനപ്പെടുമെന്ന് കിഴക്കൻ പ്രവിശ്യാ ഗവർണർ സയിദ് ബിൻ നായിഫ് രാജകുമാരൻ പറഞ്ഞു.

സൽമാൻ രാജാവിനെ സ്വകീരിക്കുന്നതിനു വിപുലമായ ഒരുക്കങ്ങളാണ് പ്രവിശ്യയിൽ ഉടനീളം നടന്നുവരുന്നത്. രാജാവിന്റ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനമാണ് ദമാമിലും മറ്റു മേഖലകളിലും ഒരുക്കിയിരിക്കുന്നത്.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം