‘സ്പിരിച്വൽ വൈറ്റ്മിൻസ്’ പുസ്തകം പ്രകാശനം ചെയ്തു
Thursday, November 24, 2016 6:59 AM IST
ഡാളസ്: മനുഷ്യ മനസിലെ ആത്മീയ ചൈതന്യം വർധിപ്പിക്കാനുതകുന്ന ആശയങ്ങളാൽ സംപുഷ്‌ടമായ ‘സ്പിരിച്വൽ വൈറ്റമിൻസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനം തോമസ് മാർ യൂസേബിയോസ് നിർവഹിച്ചു.

സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവലയത്തിൽ നവംബർ 20ന് നടന്ന പ്രകാശന കർമത്തിന് മുൻ കേരള പോലീസ് ചീഫ് ജേക്കബ് പുന്നൂസ് ഉൾപ്പെടെയുളള നിരവധി പ്രമുഖർ സാക്ഷ്യം വഹിച്ചു. കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവയാണ് പുസ്തകത്തിന് അവതാരിക എഴുതിയിട്ടുളളത്. മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന ആത്മീയ ശക്‌തിയെ തൊട്ടുണർത്തി നിത്യജീവന്റെ അവകാശികളാക്കി തീർക്കുക എന്നതാണ് ഈ പുസ്തകംകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഗ്രന്ഥകാരൻ മത്തായി യോഹന്നാൻ പറഞ്ഞു.

നാം കഴിക്കുന്ന പോഷകാഹാരം ശാരീരിക വളർച്ചയ്ക്ക് ഉതകുന്നതുപോലെ സ്പിരിച്വൽ വൈറ്റമിൻസ് ആത്മീയ വളർച്ചയ്ക്ക് കാരണമാകട്ടെയെന്നു മാർ യൂസേബിയോസ് ആശംസിച്ചു. ഇടവക വികാരി ഫാ. ജോസഫ് നെടുംമാൻ കുഴിയിൽ, ജേക്കബ് പുന്നൂസ് എന്നിവർ പ്രസംഗിച്ചു.

അമേരിക്കയിലെ പ്രമുഖ പുസ്തക വില്പനശാലകളിലും ആമസോൺ, ബാണീസ് ആൻഡ് നോബിൾസ് എന്നിവിടങ്ങളിലും ലഭ്യമായ ഈ പുസ്തകം വിറ്റു കിട്ടുന്ന തുകയുടെ വലിയൊരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് ഗ്രന്ഥകാരൻ അറിയിച്ചു.

വിവരങ്ങൾക്ക്: മത്തായി യോഹന്നാൻ 972 492 0763.

റിപ്പോർട്ട്: പി.പി. ചെറിയാൻ