സഹകരണ ബാങ്കുകൾ പ്രതിസന്ധിയിൽ
Thursday, November 24, 2016 8:04 AM IST
ബംഗളൂരു: നോട്ട് അസാധുവാക്കൽ നടപടി കർണാടകയിലെ സഹകരണ മേഖലയ്ക്കും തിരിച്ചടിയായി.

പിൻവലിച്ച 500, 1,000 നോട്ടുകൾ മാറ്റി നല്കുന്നതിന് അനുമതി നിഷേധിച്ചതോടെ സംസ്‌ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. കർഷകർ കൂടുതലായുള്ള ഗ്രാമീണ ജില്ലകളുടെ ആശ്രയമായിരുന്ന സഹകരണ ബാങ്കുകളുടെ പ്രവർത്തനം താറുമാറായതോടെ ഇവിടങ്ങളിലെ കാർഷിക മേഖലയും പ്രതിസന്ധിയെ നേരിടുന്നു.

സംസ്‌ഥാന സർക്കാർ കർഷകർക്ക് നല്കുന്ന സബ്സിഡിയോടെയുള്ള വായ്പകൾ സഹകരണ ബാങ്കുകൾ വഴിയാണ് ലഭിക്കുന്നത്. എന്നാൽ നോട്ട് പ്രശ്നം രൂക്ഷമായതോടെ കർഷകരുടെ വായ്പാ തിരിച്ചടവ് മുടങ്ങി. കൂടാതെ കൃഷിയാവശ്യങ്ങൾക്കായി പുതിയ വായ്പകൾ എടുക്കാനും കർഷകർക്ക് കഴിയാതെ വരുന്നു. സഹകരണ ബാങ്കുകളുമായി ചേർന്നു പ്രവർത്തിക്കുന്ന കർഷകരുടെ വിവിധ സഹകരണ സംഘങ്ങളും പണമില്ലാതെ പ്രതിസന്ധി നേരിടുകയാണ്.

വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിക്ക് കത്തയച്ചിരുന്നു. റിസർവ് ബാങ്കിന്റെ നിയമങ്ങളനുസരിച്ചാണ് സംസ്‌ഥാനത്തെ സഹകരണ ബാങ്കുകൾ പ്രവർത്തിക്കുന്നതെന്നും മറ്റു വാണിജ്യ ബാങ്കുകൾക്ക് നല്കുന്ന അധികാരം സഹകരണ ബാങ്കുകൾക്ക് നല്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രശ്നത്തിനു പരിഹാരമുണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്കു നീങ്ങുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

സംസ്‌ഥാനത്ത് 21 ജില്ലാ സഹകരണ ബാങ്കുകളാണുള്ളത്. ഇവയ്ക്കു കീഴിൽ 706 ശാഖകളുമുണ്ട്. അതേസമയം, സംസ്‌ഥാനത്തെ സഹകരണ ബാങ്കുകളിൽ നടന്ന 8,000 കോടിയുടെ നിക്ഷേപം ആദായനികുതി വകുപ്പ് നിരീക്ഷിച്ചു വരികയാണ്.