പുതുവർഷം ജർമനിയെ കാത്തിരിക്കുന്നത് വൈദ്യുതി ചാർജ് വർധന
Thursday, November 24, 2016 10:15 AM IST
ബർലിൻ: അടുത്ത വർഷം ആദ്യം തന്നെ ജർമനിയിൽ വൈദ്യുതി ചാർജ് വർധിക്കുമെന്ന് പഠന റിപ്പോർട്ട്. പാരമ്പര്യേതര ഊർജത്തിനു നൽകുന്ന സബ്സിഡിയും അടിസ്‌ഥാന സൗകര്യ ചെലവുകളിൽ വരുന്ന വർധനയുമാണ് ഇതിനു കാരണമായി വിലയിരുത്തപ്പെടുന്നത്.

വെരിവോക്സ് എന്ന പ്രൈസ് കംപാരിസൺ വെബ്സൈറ്റാണ് ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതൽ തന്നെ രാജ്യത്തെ 250 വൈദ്യുതി ദാതാക്കളും ശരാശരി മൂന്നര ശതമാനം നിരക്ക് വർധന നടപ്പാക്കുമെന്ന് പറയുന്നു. ഇതനുസരിച്ച്, അടുത്ത വർഷം മുതൽ വീടൊന്നിന് ശരാശരി 50 യൂറോ പ്രതിവർഷം വൈദ്യുത ചാർജ് ഇനത്തിൽ അധികചെലവ് വരും.

ബവേറിയയുടെ ചില ഭാഗങ്ങളിൽ പതിനഞ്ച് ശതമാനം വരെ വർധന പ്രതീക്ഷിക്കാം. വൈദ്യുത ചാർജ് വർധിപ്പിക്കാൻ ആറാഴ്ച മുൻപ് ഉപയോക്‌താക്കളെ അറിയിച്ചിരിക്കണമെന്നാണം ചട്ടം. ഇതനുസരിച്ച്, വൈകാതെ തന്നെ പ്രൊവൈഡർമാരുടെ പ്രഖ്യാപനം പ്രതീക്ഷിക്കാം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ