ഫ്രഞ്ച് മാഗസിൻ ചാർലി എബ്ദോയുടെ ജർമൻ എഡിഷൻ വരുന്നു
Thursday, November 24, 2016 10:16 AM IST
ബർലിൻ: ഫ്രാൻസിൽനിന്നു പ്രസിദ്ധീകരിക്കുന്ന പ്രശസ്തവും വിവാദസമൃദ്ധവുമായ ചാർലി എബ്ദോ സറ്റയർ മാഗസിൻ ജർമൻ എഡിഷൻ ആരംഭിക്കാൻ തീരുമാനിച്ചു. അടുത്ത മാസം പ്രസിദ്ധീകരണം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

2015ൽ പ്രവാചകന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെത്തുടർന്ന് ഭീകരാക്രമണം നേരിട്ടതോടെയാണ് മാഗസിൻ ലോക പ്രശസ്തമാകുന്നത്. അതിനു ശേഷം മാഗസിന്റെ വില്പനയും കുതിച്ചുയർന്നു. ഡിസംബർ ഒന്നിനു തന്നെ ജർമൻ പതിപ്പ് പുറത്തിറക്കാനുള്ള ഊർജിത ശ്രമത്തിലാണ് അധികൃതർ. നാലു യൂറോ ആയിരിക്കും വില.

ജർമനിയിലെ ആദ്യ എഡിഷൻ തന്നെ രണ്ടു ലക്ഷം കോപ്പി അച്ചടിക്കാനാണ് ഉദ്ദേശിക്കുന്നത്. ഫ്രഞ്ചിൽനിന്നു പരിഭാഷപ്പെടുത്തിയ കാർട്ടൂണുകളും ലേഖനങ്ങളുമായിരിക്കും കൂടുതലായും ഉൾപ്പെടുത്തുക. വായനക്കാരെ തൃപ്തിപ്പെടുത്താൻ ആവശ്യമായ ജർമൻ ഉള്ളടക്കവും ഉണ്ടാവുമെന്ന് മാഗസിൻ വക്‌താവ്.

മാഗസിനെതിരേയുണ്ടായ ഭീകരാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം ജർമനിയിലും മാഗസിന് ആവശ്യക്കാർ ഏറി എന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് പുതിയ പതിപ്പ് തുടങ്ങുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ