വിശ്വ ഭാഗവത പ്രയാഗിന് ഡാളസിൽ തുടക്കം കുറിച്ചു
Friday, November 25, 2016 4:05 AM IST
ഡാളസ്: 2012ൽ തുടക്കം കുറിച്ച വിശ്വ ഭാഗവത പ്രയാഗിന്റെ അഞ്ചാമത്തെ യജ്‌ഞം നവംബർ 19 മുതൽ അമേരിക്ക, യുറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിൽ നടന്നുവരുന്നു. അമേരിക്കയിലെ, ഹൂസ്റ്റൺ, ഡാളസ്, ഫ്ളോറിഡ, വാഷിംഗ്ടൺ, ഷിക്കാഗോ, ന്യൂജേഴ്സി എന്നീ സ്‌ഥലങ്ങളിൽ ശ്രീമദ് ഭാഗവത സപ്താഹം നടന്നുവരുന്നു.

വിശ്വ പ്രേമത്തിന്റെ സന്ദേശം പരത്തുന്ന ഭാഗവത പാരായണം, ഒരു വേദിയിൽ അവസാനിക്കുമ്പോഴേക്കും മറ്റൊരു വേദിയിൽ തുടങ്ങിയിരിക്കുന്നതുകൊണ്ട് ഭാഗവതത്തിലെ ശ്ലോകങ്ങൾ അഖണ്ഡമായി ലോകമെമ്പാടും ഒരേസമയം അലയടിച്ചുകൊണ്ടിരിക്കുന്നു.

കലിയുഗത്തിൽ മോക്ഷപ്രാപ്തിക്കുള്ള ഏറ്റവും ഉചിതമായ മാർഗമായ നാമജപത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ഹൂസ്റ്റണിലെ സപ്താഹത്തിനു നേതൃത്വം കൊടുക്കുന്ന ഭാഗവത സാമ്രാട്ട് പെരുമ്പള്ളി കേശവൻ നമ്പൂതിരിയും ഡാളസിലെ സപ്താഹ ആചാര്യൻ ഇരിഞ്ഞാടപള്ളി പദ്മനാഭൻ നമ്പൂതിരിയും അഭ്യർഥിച്ചു.