കുതിര സവാരിക്കു പുറപ്പെട്ടയാൾ പിടിയിൽ
Friday, November 25, 2016 4:05 AM IST
ഫ്ളോറിഡ: കുതിരപുറത്തു കയറി യാത്ര ചെയ്യുന്നത് ഒരിക്കലും കുറ്റകരമല്ല. എന്നാൽ ശരിയായ ആഹാരം നൽകാതെ ഭാഗികമായി കാഴ്ച നഷ്‌ടപ്പെട്ട കുതിരയുടെ പുറത്ത് സവാരി ചെയ്യുക എന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണ്. സംഭവം അരങ്ങേറിയത് അമേരിക്കയിലെ സൗത്ത് കരോളൈനയിലാണ്.

മുപ്പത്താറുകാരനായ ക്രിസ്റ്റഫർ എമെഴ്സൺ ഭാര്യയോട് പിണങ്ങിയാണ് സൗത്ത് കരോളൈനയിൽനിന്നും 800 മൈൽ ദൂരെയുളള ഫ്ളോറിഡയിലേക്ക് യാത്ര ചെയ്യുവാൻ തീരുമാനിച്ചത്. ദേഷ്യം അടക്കാനാകാതെ സ്വന്തം ട്രക്ക് എവിടെയൊ ഇടിപ്പിച്ച് തകർത്ത് ലക്ഷ്യസ്‌ഥാനത്തേക്ക് എത്തുവാൻ യാതൊരു മാർഗവും കണ്ടത്താനാകാഞ്ഞതിനെതുടർന്നാണ് തന്റെ കുതിരയെ വാഹനമാക്കാൻ തീരുമാനിച്ചത്.

സൗത്ത് കരോളൈന ഗ്രീൻവുഡിലുളള വസതിയിൽ നിന്നും നാല് മാസങ്ങൾക്ക് മുമ്പ് യാത്ര പുറപ്പെട്ട ക്രിസ്റ്റഫർ 600 മൈൽ താണ്ടിയാണ് നവംബർ 23ന് ഫ്ളോറിഡ മയാമി ഡേഡ് കൗണ്ടിയിലെ തിരക്കു പിടിച്ച ഹൈവേയിൽ എത്തിയത്. ഇതിനിടെയാണ് ക്ഷീണിതയായ കുതിര പോലീസിന്റെ ദൃഷ്‌ടിയിൽ പെട്ടത്. തുടർന്നു നടന്ന പരിശോധനയിൽ കുതിരയ്ക്കു ഒരു കണ്ണിന് കാഴ്ചയില്ലെന്നും പോഷകാഹാരകുറവ് ഉണ്ടെന്നും കണ്ടെത്തുകയായിരുന്നു. മൃഗങ്ങളോട് കാണിക്കുന്ന ക്രൂരയുടെ പേരിൽ ക്രിസ്റ്റഫറിനെ അറസ്റ്റ് ചെയ്ത് സൗത്ത് ഫ്ളോറിഡായിലെ ആനിമൽ പ്രിവൻഷൻ ക്രൂവെൽറ്റി സെന്ററിലേയ്ക്ക് അയച്ചു.

അതേസമയം കുതിരക്ക് ആഹാരം നൽകുവാൻ കൈയിൽ പണം ഇല്ലായിരുന്നുവെന്നും മറ്റുളളവർ തന്ന സംഭാവനയാണ് 600 മൈൽ യാത്ര ചെയ്യുവാൻ തന്നെ സഹായിച്ചതെന്നും ക്രിസ്റ്റഫർ പറയുന്നു. ക്രിസ്റ്റഫറിന് ഈ കേസിൽ നിന്നും തലയൂരി കുതിരയെ ലഭിക്കണമെങ്കിൽ കോടതി കനിയണമെന്നാണ് പോലീസിന്റെ നിലപാട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ