ഓവർ ടൈം അലവൻസ് പരിധി വർധനവ് കോടതി തടഞ്ഞു
Friday, November 25, 2016 4:05 AM IST
ടെക്സസ്: ഓവർ ടൈം അലവൻസിനുളള ശമ്പള പരിധി വർധിപ്പിച്ചത് താത്കാലികമായി തടഞ്ഞുകൊണ്ട് ടെക്സസ് ഫെഡറൽ ജഡ്ജി ഉത്തരവിട്ടു. നവംബർ 22നായിരുന്നു കോടതിയുടെ വിധി പ്രസ്താവം. നിലവിൽ 23,660 ഡോളർ വാർഷിക വരുമാനം ഉളളവർക്ക് മാത്രമായിരുന്നു ഓവർ ടൈം അലവൻസിന് അർഹതയുണ്ടായിരുന്നത്. എന്നാൽ ഒബാമ ഭരണകൂടം പരിധി 47476 ആയി വർധിപ്പിച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു. ഡിസംബർ ഒന്നു മുതൽ ഈ നിയമം പ്രാബല്യത്തിൽ വരാനിരിക്കെയാണ് ടെക്സസ് ഈസ്റ്റേൺ ഡിസ്ട്രിക്ട് ഫെഡറൽ ജഡ്ജി രാജ്യവ്യാപകമായി താല്കാലിക നിരോധനം ഏർപ്പെടുത്തി ഉത്തരവിട്ടത്.

ഒബാമ സർക്കാരിന്റെ അധികാര പരിധിക്ക് പുറത്തുളള ഒന്നായിട്ടാണ് ഈ നിയമത്തെ കോടതി വിശേഷിപ്പിച്ചത്. അതേസമയം ഒബാമ ഇറക്കിയ ഉത്തരവ് ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. കോടതി വിധിയെ വ്യവസായ ഗ്രൂപ്പുകൾ സ്വാഗതം ചെയ്തപ്പോൾ, ശക്‌തമായ എതിർപ്പാണ് ലേബർ ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തും നിന്നുണ്ടായത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് അധികൃതർ അറിയിച്ചു.

ആഴ്ചയിൽ 500 ഡോളറിനു താഴെ ശമ്പളം നിശ്ചയിച്ച് നാല്പതു മണിക്കൂറിനു മുകളിൽ ജോലി ചെയ്താലും ഓവർ ടൈം അലവൻസിന് അർഹതയില്ലാത്ത സാധാരണക്കാരായ തൊഴിലാളികൾക്ക് ആശ്വാസകരമായിരുന്നു പുതിയ നിയമം. ഇപ്പോൾ ആയിരം ഡോളറിന് താഴെ ശമ്പളം ലഭിക്കുന്നവർക്ക് ഓവർ ടൈം അലവൻസിന് അർഹത ലഭിക്കുന്ന നിയമമാണ് കോടതി വിധിയിലൂടെ ഇല്ലാതായിരിക്കുന്നത്. പുതിയ പ്രസിഡന്റ് ചുമതലയേറ്റതിനുശേഷം മാത്രമായിരിക്കും ഈ നിയമത്തിന്റെ സാധ്യതയെക്കുറിച്ചു വ്യക്‌തമായ തീരുമാനം പ്രതീക്ഷിക്കാനാകുക.

റിപ്പോർട്ട്: പി.പി. ചെറിയാൻ