അമേരിക്കയിലെ ഇന്ത്യക്കാർക്ക് നോട്ടുമാറുന്നതിന് അനുമതിയില്ല
Friday, November 25, 2016 4:06 AM IST
കലിഫോർണിയ: അമേരിക്കയിലെ ഇന്ത്യക്കാരുടെ കൈവശം സൂക്ഷിച്ചിരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകൾ മാറ്റി എടുക്കുന്നതിനുള്ള അവസരം നിഷേധിക്കുന്നതായി വ്യാപക പരാതി ഉയർന്നു.

അമേരിക്കയിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചുകളിൽ ഇന്ത്യൻ രൂപയുമായി എത്തിയവർക്കാണ് നിരാശയോടെ മടങ്ങേണ്ടിവന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് നോട്ടുമാറ്റി എടുക്കുന്നതിനുള്ള സമയപരിധി ഡിസംബർ 30 വരെ അനുവദിച്ചിരിക്കെ ഈ ആനുകൂല്യം അമേരിക്കയിലെ ഇന്ത്യൻ ബാങ്കുകൾ നിഷേധിച്ചത് നീതികരിക്കാനാവാത്തതാണ്.

മണി എക്സ്ചേഞ്ച് സെന്ററുകളിൽ ഇന്ത്യൻ രൂപ സ്വീകരിച്ചിരുന്നത് പൂർണമായും നിർത്തലാക്കിയിട്ടുണ്ട്. പ്രധാന ബാങ്കുകളിലൊന്നായ വെൽസ് ഫർഗോ ബാങ്കും ഇന്ത്യൻ രൂപ സ്വീകരിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്.

അമേരിക്കയിലെ ഇന്ത്യക്കാരുടെ കൈവശമുള്ള നോട്ടുകൾ മാറ്റണമെങ്കിൽ നിലവിൽ ഇന്ത്യയിൽ പോകണമെന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നോട്ട് റദ്ദാക്കൽ നടപടിയെ സ്വാഗതം ചെയ്തവർപോലും ഇപ്പോൾ പ്രതിഷേധവുമായി രംഗത്തുണ്ട്. അമേരിക്കയിൽനിന്നും ഇന്ത്യയിലെത്തിയാൽ അത്യാവശ്യ ചെലവിന് ഒരു ലക്ഷത്തിലധികം രൂപ കൈവശം വച്ചവരാണ് വഴിയാധാരമായിരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ