വർണങ്ങൾ ചാലിച്ച് കേരളസമാജം ചിത്രരചനാ മത്സരം
Friday, November 25, 2016 4:18 AM IST
ബംഗളൂരു: കേരളസമാജത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന മത്സരം ചിത്രകാരൻ വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. കേരളസമാജം വൈസ് പ്രസിഡന്റ് വിക്രമൻ പിള്ള അധ്യക്ഷത വഹിച്ചു. കേരളസമാജം ജനറൽ സെക്രട്ടറി റജികുമാർ, ജോയിന്റ് സെക്രട്ടറി പി.കെ. മുകുന്ദൻ, ട്രഷറർ പി.വി.എൻ ബാലകൃഷ്ണൻ, കൾച്ചറൽ സെക്രട്ടറി ശ്രീകുമാർ, കെഎൻഇ ട്രസ്റ്റ് സെക്രട്ടറി ജയ്ജോ ജോസഫ്, കേരളസമാജം വനിതാ വിഭാഗം ചെയർപേഴ്സൺ ശോഭന ചോലയിൽ, യൂത്ത് വിംഗ് കൺവീനർ സുധീഷ് പരമേശ്വരൻ, രാജശേഖരൻ, കെ. ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു. മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ മുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ആറു വയസു വരെയുള്ള സബ് ജൂനിയർ വിഭാഗത്തിൽ പൂക്കളും പുഴകളും ചിത്രരചനക്ക് വിഷയമാക്കിയപ്പോൾ 10 വയസുവരെയുള്ളവർ കാർട്ടൂൺ കഥാപാത്രങ്ങളെയും വീടും പരിസരവും കാൻവാസിൽ പകർത്തി. 16 വയസുവരെയുള്ള സീനിയർ വിഭാഗക്കാർ കാനനഭംഗിയും പ്രകൃതി ഭംഗിയും വിഷയമാക്കി. വാശിയേറിയ മത്സരത്തിനു ബംഗളൂരുവിലെ ചിത്രകാരന്മാരായ വി.കെ. വിജയൻ, ഭാസ്കരൻ ആചാരി, കൃഷ്ണൻ നമ്പൂതിരി എന്നിവർ വിധികർത്താക്കളായി.

മൂന്നു വിഭാഗത്തിലും വിജയികൾക്കു പുറമേ 10 പേർക്ക് പ്രോത്സാഹനസമ്മാനങ്ങളും നല്കും. വിജയികൾക്ക് ഡിസംബർ നാലിനു നടക്കുന്ന പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് കൾച്ചറൽ സെക്രട്ടറി ശ്രീകുമാർ അറിയിച്ചു.