മോളി വറുഗീസിന്റെ പുസ്തകം ‘ദി നസ്രാണീസ്’ പ്രകാശനം ചെയ്തു
Saturday, November 26, 2016 2:41 AM IST
ഫ്രീഹോൾഡ് (ന്യൂജഴ്സി): കേരളത്തിലെ നസ്രാണികളുടെ ഇരുപതു നൂറ്റാണ്ടിന്റെ കഥ പറയുന്ന ചരിത്ര പുസ്തകം ‘ദി നസ്രാണീസ്’ പ്രകാശനം ചെയ്തു. ഡെമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിയായി ന്യൂജഴ്സി ഡിസ്ട്രിക്റ്റ് ഏഴിൽ നിന്ന് മൽസരിച്ച പീറ്റർ ജേക്കബ് ആദ്യപ്രതി സാമൂഹിക, സാംസ്കാരിക പ്രവർത്തകനായ ടി. എസ് ചാക്കോക്ക് നൽകിയാണ് പ്രകാശനകർമം നിർവഹിച്ചത്. ഇതു സംബന്ധിച്ച് നടന്ന ചടങ്ങിൽ പീറ്റർ ജേക്കബ്, ടി എസ് ചാക്കോ, ഏബ്രഹാം കെ ഡാനിയേൽ, ഷേർളി തോമസ്, ജോർജ് തുമ്പയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രന്ഥരചയിതാവ് മോളി വർഗീസ് സ്വാഗതവും ഭർത്താവ് വി. വർഗീസ് കൃതജ്‌ഞതയും രേഖപ്പെടുത്തി. ഡോ. ഏബ്രഹാം ഫിലിപ്പ് ആയിരുന്നു എംസി.

ഡോ. ജോർജ് ജേക്കബ്, ഫിലിപ്പ് തമ്പാൻ, കോര ചെറിയാൻ, ഡോ. ജോൺ ഏബ്രഹാം, ഏബ്രഹാം കുര്യൻ, കോശി കുരുവിള, ജോർജ് ഏബ്രഹാം. ഡോ. ഏബ്രഹാം ഈശോ, മനോജ് ജോസഫ്, എർലിൻ ജോർജ്, ഉൾപ്പെടെ ന്യൂജഴ്സി, ന്യൂയോർക്ക്, ഫിലഡൽഫിയ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പേർ പ്രകാശനകർമത്തിൽ പങ്കെടുത്തു.

ചെറുപ്പകാലം മുതലുള്ള ഒരു അഭിവാഞ്ഛയാണ് പുസ്തകപ്രകാശനത്തിലൂടെ സാധ്യമാകുന്നതെന്ന് മോളി വർഗീസ് പറഞ്ഞു. പ്രത്യേകിച്ചും അമേരിക്കയിലെത്തിയശേഷം, ഇവിടുത്തെ രണ്ടാം തലമുറയിൽ പെട്ട കുട്ടികളിൽ തങ്ങളുടെ പൈതൃകത്തെകുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് ഇംഗ്ലീഷിലുള്ള ഒരു പുസ്തകം അനിവാര്യമാണെന്ന് തോന്നിയതുകൊണ്ടാണു, ഭാരിച്ച പണച്ചലവുള്ള ഒരു പ്രോജക്ട് ആണന്നറിഞ്ഞുകൊണ്ടുതന്നെ തുനിഞ്ഞിറങ്ങിയത്. ആമസോണിലൂടെയും കിൻഡിലിലൂടെയും പുസ്തകത്തിന്റെ പ്രതികൾ ലഭ്യമാണ്. ജൻമഗ്രാമമായ വാകത്താനത്തെപറ്റി സമഗ്രമായ ഒരു പുസ്തകം ഇംഗ്ലീഷിലെഴുതി പ്രസിദ്ധീകരിച്ചത് രണ്ടുവർഷം മുമ്പാണ്.



കേരളത്തിലെ നസ്രാണികളെകുറിച്ച്– സെന്റ് തോമസ് സിറിയൻ ക്രിസ്ത്യൻ സമൂഹത്തെകുറിച്ച് അവരുടെ ഉദ്ഭവത്തെയും ഇരുപത് നൂറ്റാണ്ടുകളായുള്ള വളർച്ചയെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു ഈ പുസ്തകം. പഴയകാലത്തെ ക്രിസ്ത്യൻ സമൂഹത്തെ കുറിച്ചും അക്കാലത്തെ പള്ളികളെയും വിശ്വാസ സമൂഹങ്ങളെയും കുറിച്ചും പുസ്തകത്തിലുണ്ട്. ഇന്ത്യയുടെ പ്രാചീനകാല സംസ്കാരത്തെയും അവിടുത്തെ വൈവിധ്യമാർന്ന സംസ്കാരങ്ങളെയും മതങ്ങളെയും കുറിച്ചുള്ള ലഘുവിവരണവും പുസ്തകത്തിലുണ്ട്.

ഏതെങ്കിലും മതത്തെയോ വിഭാഗത്തെയോ വ്യക്‌തിയേയോ വിമർശിക്കാനുദ്ദേശിച്ചല്ല ഈ പുസ്തകം എന്നു മോളി വറുഗീസ് പറയുന്നു. പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ചരിത്രപരമായ കാര്യങ്ങളിൽ ആധികാരികത വരുത്തുന്നതിനായി പ്രമുഖ ചരിത്രകാരൻമാരിൽ നിന്നുള്ള വിവരങ്ങൾ സ്വീകരിച്ചിട്ടുമുണ്ട്. തങ്ങളുടെ ചരിത്രത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്ന, ക്രിസ്തു ശിഷ്യനായ സെന്റ് തോമസിന്റെ പ്രബോധനങ്ങളെ പിന്തുടരാൻ ശ്രമിക്കുന്ന ഒരു സമൂഹത്തിന്റെ കഥയാണ് പുസ്തകം പങ്കുവെയ്ക്കുന്നത്. കോപ്പികൾക്കും കൂടുതൽ വിവരങ്ങൾക്കും: മോളി വറുഗീസ്; (732) 577 –0728. email id: [email protected]

റിപ്പോർട്ട്: ജോർജ് തുമ്പയിൽ