നാല്പതു മണിക്കൂർ ആരാധനയും കാരുണ്യവർഷ സമാപനവും ഭക്‌തിനിർഭരമായി
Saturday, November 26, 2016 7:42 AM IST
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ നാല്പതു മണിക്കൂർ ആരാധനയും കാരുണ്യവർഷ സമാപനവും നവംബർ 20ന് ആചരിച്ചു. ഇടവകയിലെ കൂടാരയോഗങ്ങൾ, വിവിധ മിനിസ്ട്രികൾ, സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി, ലീജിയൻ ഓഫ് മേരി, അൾത്താര ശുശ്രൂഷികൾ, മേവുഡ് തിരുഹൃദയ ദേവാലയത്തിലെ ഇടവകാംഗങ്ങൾ, ഇടവകയിലെ മതബോധന സ്കൂളിലെ കുട്ടികൾ തുടങ്ങി നിരവധിപേർ വിവിധ സമയങ്ങളിലായി നടന്ന ആരാധനക്ക് നേതൃത്വം നൽകി.

വിശുദ്ധ കുർബാനയിൽ ഷിക്കാഗോ സീറോ മലബാർ രൂപത സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. മയാമി സെന്റ് ജൂഡ് ദേവാലയ വികാരി ഫാ. സുനി പടിഞ്ഞാറേക്കര, ഇടവക വികാരി ഫാ. തോമസ് മുളവനാൽ, അസിസ്റ്റന്റ് വികാരി ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമികരായിരുന്നു.

ക്രൈസ്തവ സമൂഹം ലോകം മുഴുവൻ പടർന്നു പന്തലിച്ചു നിൽക്കുന്നതിന്റെ കാരണം ആ മതം അടിസ്‌ഥാനമിട്ടിരിക്കുന്നത് കരുണയിലാണ്. ബൈബിളാണ് നമ്മുടെ വിശ്വാസത്തിന്റെ അടിസ്‌ഥാനശില. ബൈബിൾ കരുണയുടെ പുസ്തകമാണെന്നും അതിൽ പറയുന്ന എല്ലാ വ്യക്‌തികളും ഈശോമിശിഹായും പരിശുദ്ധമറിയവും ഒഴിച്ച് വളരെ ഇടറിപ്പോയിട്ടുള്ള മനുഷ്യരാണെന്നും അവരെ താങ്ങിയത് ദൈവത്തിന്റെ കരുണയാണെന്നും കുർബാനമധ്യേ നൽകിയ സന്ദേശത്തിൽ മാർ ജോയി ആലപ്പാട്ട് പറഞ്ഞു.

ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ, അൾത്താര ശുശ്രൂഷികൾ, ഗായക സംഘം, സിസ്റ്റേഴ്സ് എന്നിവർ ആരാധനയുടെ സജീകരണങ്ങൾക്കും കാരുണ്യവർഷ സമാപനത്തിനും നേതൃത്വം നൽകി.

റിപ്പോർട്ട്: ജോണിക്കുട്ടി ജോസഫ്