യുഎഇ സഹിഷ്ണുതയുടെ പരിപാലനകേന്ദ്രം: ഷെയ്ഖ ലുബ്ന അൽ ഖാസിമി
Saturday, November 26, 2016 7:52 AM IST
അബുദാബി: ഇരുനൂറിലധികം രാജ്യത്തു നിന്നും എത്തിയിട്ടുള്ള വിവിധ മതക്കാരായ ജനങ്ങൾക്ക് സമാധാനപൂർണവും സുരക്ഷിതവുമായ ജീവിതസാഹചര്യം ഒരുക്കുന്ന യുഎഇയാണ് സഹിഷ്ണുതയുടെ തിളക്കമാർന്ന മാതൃകയും പരിപാലനകേന്ദ്രവുമെന്ന് യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ ലുബ്ന അൽ ഖാസിമി. അബുദാബി മാർത്തോമ ഇടവകയിൽ നടന്ന സഹിഷ്ണത മാസാചരണ പ്രഖ്യാപനവും കൊയ്ത്തുത്സവവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലുബ്ന അൽ ഖാസിമി.

മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും പേരിൽ വിവേചനം നടത്തുന്നവർക്കും മതഭ്രാന്ത് മനസിൽ കൊണ്ടു നടക്കുന്നവർക്കും യുഎഇയുടെ മണ്ണിൽ സ്‌ഥാനമില്ല. എല്ലാ വ്യത്യാസങ്ങളെയും മറന്ന് ഒരേ പാതയിലൂടെ ആത്മീയ യാത്ര നടത്തുന്നവരാകണം നമ്മൾ. സ്നേഹത്തിന്റേയും സഹനത്തിന്റേയും സഹകരണത്തിന്റേയും സഹാനുഭൂതിയുടെയും ഉറച്ച മൂല്യങ്ങളിൽ നിന്നും യുഎഇ വ്യതിചലിക്കില്ലെന്നും അവർ പറഞ്ഞു.

ഡിസംബർ ഒന്നുമുതൽ 31 വരെയുള്ള സഹിഷ്ണുതാ മാസാചരണത്തിന്റെ സന്ദേശ പതാക ചടങ്ങിൽ ഷെയ്ഖ ലുബ്ന അൽ ഖാസിമി ജനറൽ കൺവീനർ പാപ്പച്ചൻ ഡാനിയേലിനു കൈമാറി. ഇടവകാങ്കണത്തിൽ നടന്ന കൊയ്ത്തുത്സവം വിളംബരയാത്രയോടെ ആരംഭിച്ചു. വിനോദപരിപാടികൾക്കു പ്രശസ്ത റേഡിയോ ജോക്കി മായാ കർത്താ നേതൃത്വം നൽകി. വിവിധ കലാപരിപാടികൾ, ബേബി ഷോ, അൻപതോളം ഭക്ഷണസ്റ്റാളുകൾ തുടങ്ങിയ കൊയ്ത്തുത്സവത്തിന്റെ ഭാഗമായിരുന്നു. പ്രവേശന കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്ക് 20 സ്വർണ നാണയങ്ങൾ ഉൾപ്പെടെയുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

അബുദാബി മാർത്തോമ ഇടവക വികാരി റവ. പ്രകാശ് ഏബ്രഹാം അധ്യക്ഷത വഹിച്ചു. സെന്റ് ആൻഡ്രൂസ് ഇടവക വികാരി ഫാ. ആൻഡ്രൂ തോംസൺ, മാർത്തോമ ഇടവക സഹവികാരി റവ. ഐസക് മാത്യു, ജനറൽ കൺവീനർ പാപ്പച്ചൻ ഡാനിയേൽ, ഇടവക ട്രസ്റ്റിമാരായ സുരേഷ് തോമസ്, പ്രവീൺ കുര്യൻ, സെക്രട്ടറി ഒബി വർഗീസ്, ഡോ. ഷെബീർ നെല്ലിക്കോട്, ജോയ് പി.സാമുവൽ, ജേക്കബ് തരകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള