പൈലറ്റ് സമരം ഒത്തുതീർപ്പാകാൻ സാധ്യത
Saturday, November 26, 2016 10:23 AM IST
ബർലിൻ: കഴിഞ്ഞ മൂന്നു ദിവസങ്ങളായി ലുഫ്ത്താൻസായിലെ പൈലറ്റുമാർ നടത്തിവന്ന സമരം ഒത്തുതീർപ്പിലെത്തുമെന്നാണ് സൂചന. മാനേജ്മെന്റ് വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ വേതന കരാറിന്റെ അടിസ്‌ഥാനത്തിൽ പൈലറ്റുമാർ തത്വത്തിൽ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചെങ്കിലും പൂർണമായി യോജിപ്പിലെത്തിയിട്ടില്ലെന്നാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രതിവർഷം 2.4 ശതമാനം ശമ്പളവർധനയാണ് കമ്പനി മുന്നോട്ടുവച്ചിരിക്കുന്നത്. എന്നാൽ 2017 ൽ വർധനവിന്റെ തോത് 4.4 ശതമാനം ആക്കുമെന്നും പറയുന്നു. കൂടാതെ രണ്ടു മാസത്തെ ശമ്പളം ഒരു വൺ ഓഫ് പേയ്മെന്റ് തുല്യമായും ലഭിക്കും. എന്നാൽ റിട്ടയർമെന്റ് സംബന്ധമായ കാര്യങ്ങൾ ഇപ്പോഴും അനിശ്ചിതത്വത്തിൽ നിൽക്കുകയാണെന്നും സമരസമിതി നേതാക്കൾ പറയുന്നു. അതേസമയം സമരക്കാർ വർഷം തോറും 3.6 ശതമാനം വേതന വർധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സമരം ഏതാണ്ട് മൂന്നു ലക്ഷം യാത്രക്കാരെ ബാധിച്ചതായി കമ്പനിതന്നെ അവകാശപ്പെടുന്നു. 2700 ലധികം സർവീസുകൾ പൂർണമായി റദ്ദു ചെയ്തിരുന്നു. പൈലറ്റുമാരുടെ സംഘടനയായ യൂണിയൻ കോക്പിറ്റാണ് സമരത്തിന് ആഹ്വാനം നൽകിയത്. 2014 ഏപ്രിലിനുശേഷം ഇത് 14–ാം തവണയാണ് പൈലറ്റുമാർ സമരത്തിൽ ഏർപ്പെടുന്നത്. ലുഫ്താൻസ, ലുഫ്താൻസ കാർഗോ, ജർമൻവിംഗ്സ് എന്നിവയിലായി 5400 പൈലറ്റുമാരാണുള്ളത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ