ഉലി ഹൊനെസ് ബയേൺ മ്യൂണിക്ക് പ്രസിഡന്റ്
Saturday, November 26, 2016 10:24 AM IST
മ്യൂണിക്ക്: പുതിയ പ്രസിഡന്റിനെ തേടിയുള്ള തെരഞ്ഞെടുപ്പിൽ ഉലി ഹോനെസ് (64) വീണ്ടും ബയേൺ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതു രണ്ടാം തവണയാണ് ഹോനെസ് പ്രസിഡന്റാവുന്നത്. നിലവിലെ പ്രസിഡന്റ് കാൾ ഹോപ്നെർ അധ്യക്ഷത വഹിച്ച യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നികുതി വെട്ടിപ്പിന്റെ പേരിൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ മുൻ പ്രസിഡന്റ് ഉലി ഹോനസ് വാർഷിക ജനറൽ ബോഡിയിൽ ഇത്തവണ പങ്കെടുത്തത് ശ്രദ്ധേയമായി.

987 ദിവസങ്ങൾക്കു ശേഷമാണ് ഹോനെസ് വീണ്ടും ബയേൺ ബോസായി വെള്ളിയാഴ്ച തിരിച്ചെത്തുന്നത്. ജർമൻ ഫുട്ബോൾ ഇതിഹാസമായ ഹോനസിനെ മൂന്നര വർഷം തടവിനാണ് മ്യൂണിക്ക് ജില്ലാ കോടതി ശിക്ഷിച്ചതെങ്കിലും ജയിൽശിക്ഷാ കാലാവധിയുടെ പകുതിയിൽ ജയിൽ മോചിതനാവുകയായിരുന്നു. ബാക്കിയുള്ള ശിക്ഷാകാലം നല്ല നടപ്പിനായി പരിഗണിച്ചതുകൊണ്ടാണ് അദ്ദേഹത്തെ ഫെബ്രുവരി 29 ന് ജയിൽ മോചിതനാക്കിയത്. 21 മാസം (637 ദിവസം) ആണ് അദ്ദേഹം ജയിൽവാസം അനുഭവിച്ചത്. 2014 മാർച്ച് 13 നാണ് കോടതി വിധിയുണ്ടായതെങ്കിലും അദ്ദേഹം ജയിൽവാസം തുടങ്ങിയത് 2014 ജൂൺ രണ്ടിന് മാത്രമായിരുന്നു. നികുതി വെട്ടിച്ച് മില്യൻ കണക്കിന് യൂറോ സ്വിസ് ബാങ്കുകളിൽ നിക്ഷേപിച്ചെന്ന ആരോപണത്തിന്റെ അടിസ്‌ഥാനത്തിലാണ് കേസ് കോടതിയിലെത്തിയത്.

മുൻപ് ഇതേ ക്ലബിൽ കളിക്കാരനായിരുന്നു ഹോനെസ്. 1972 ലെ യൂറോപ്യൻ കപ്പിലും പിന്നീട് 1974ൽ ലോകകപ്പ് നേടിയ ജർമൻ ടീമിന്റെ അവിഭാജ്യ ഘടകവുമായിരുന്നു ഇദ്ദേഹം. പിന്നീട് ബയേണിന്റെ മാനേജരും പ്രസിഡന്റുമായി. കഴിഞ്ഞ 42 വർഷമായി ബയേൺ ക്ലബിന്റെ ഭാഗം തന്നെയാണ് ഹോനെസ്. കാർലോ ആഞ്ചലോട്ടിയാണ് നിലവിലെ ക്ലബിന്റെ ടീം പരീശീലകൻ. ക്യാപ്റ്റൻ മാനുവൽ നൊയറും. 2,70,000 വരിസംഖ്യ നൽകുന്ന അംഗങ്ങളാണ് ക്ലബിനുള്ളത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ