ഹിഡൻ ഐഡൽ യൂറോപ്യൻ ഫൈനലിൽ ജാനറ്റ് ചെത്തിപ്പുഴക്ക് വിജയം
Saturday, November 26, 2016 10:25 AM IST
സൂറിച്ച്: ക്ലാസിക്കൽ നടന രംഗത്തെ സർഗപ്രതിഭകളെ കണ്ടെത്തുവാനുള്ള ഹിഡൻ ഐഡൽ യൂറോപ്യൻ അഞ്ചാമത് ക്ലാസിക്കൽ നൃത്ത മത്സരത്തിന്റെ ഫൈനലിൽ സ്വിറ്റ്സർലൻഡിന്റെ ജാനറ്റ് ചെത്തിപ്പുഴക്ക് വിജയം. മത്സരത്തിൽ പങ്കെടുത്ത നർത്തകിമാരെ ബഹുദൂരം പിന്നിലാക്കിയാണ് ജാനറ്റ് ഒന്നാം സ്‌ഥാനം നേടിയത്. ജൂറിയുടെ പ്രത്യേക പരാമർശത്തിനും ജാനറ്റ് അർഹയായി. ഹോളണ്ടിൽ നിന്നുള്ള ജനനി രണ്ടാം സ്‌ഥാനവും അയർലൻഡിൽ നിന്നുള്ള സപ്താ രാമനും അഞ്ജലിയും മൂന്നും നാലും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി.

ക്ലാസിക്കൽ നൃത്ത രംഗത്തെ മറഞ്ഞിരിക്കുന്ന പ്രതിഭകളെ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെ ഭരതനാട്യം, മോഹിനിയാട്ടം, കഥക് തുടങ്ങിയ ക്ലാസിക്കൽ നൃത്ത രൂപങ്ങളിലാണ് മത്സരങ്ങൾ നടത്തിവരുന്നത്.

മൂവാറ്റുപുഴ, കടവൂർ ചെത്തിപ്പുഴ സിബി മാത്യുവിന്റെയും ജിൻസിയുടെയും മകളാണ് ജാനറ്റ്. ശാസ്ത്രീയ നൃത്തം പഠിക്കുന്ന ജാനറ്റ് നല്ലൊരു ഗായികയും കൂടിയാണ്. അടുത്തിടെ പുറത്തിറങ്ങിയ പൈതൽ എന്ന ആൽബത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

ജ്‌ഞാനസുന്ദരി, മേരി ജോൺ, റോസ്മേരി പിൻസി, നീനു മാത്യു എന്നീ അധ്യാപകരാണ് പല ഘട്ടങ്ങളിലായി ജാനറ്റിന്റെ പരിശീലികർ.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ