ദുബായ് കെഎംസിസി ഫുട്ബോൾ: മലപ്പുറം ജില്ല ജേതാക്കൾ
Saturday, November 26, 2016 10:26 AM IST
ദുബായ്: ദുബായ് കെഎംസിസി യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ മലപ്പുറം ജില്ല ജേതാക്കളായി. കലാശ പോരാട്ടത്തിൽ അവസാന വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ കാസർഗോഡിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്പിച്ച് മലപ്പുറം ജില്ല ജേതാക്കളായി. ടൂർണമെന്റിൽ തുടർച്ചയായ അഞ്ചാം തവണയാണ് മലപ്പുറം ജേതാക്കളാകുന്നത്.

കണ്ണൂർ,മലപ്പുറം,കോഴിക്കോട്, കാസർഗോഡ്, പാലക്കാട്,തൃശൂർ,ആലപ്പുഴ,എറണാകുളം, കൊല്ലം എന്നീ ഒൻപതു ജില്ലകൾ വിവിധ അഖിലേന്ത്യാ താരങ്ങളെ കളത്തിലിറക്കി ദുബായ് അൽ കവനീജ് ഗ്രൗണ്ടിൽ അങ്കത്തിനിറങ്ങിയപ്പോൾ അത് പ്രവാസലോകത്തെ കാൽ പന്ത് പ്രേമികൾക്ക് അക്ഷരാർഥത്തിൽ ഫുട്ബോൾ വിരുന്നായി.

ലീഗ് റൗണ്ട് മത്സരങ്ങൾക്കുശേഷം തോൽവിയറിയാതെ മലപ്പുറം കാസർഗോഡ് ടീമുകൾ സെമി ബെർത്ത് ഉറപ്പിച്ചു. സെമിയിൽ കോഴിക്കോടിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് മലപ്പുറം കലാശ പോരാട്ടത്തിന് എത്തിയപ്പോൾ തൃശൂർ ജില്ലയെ ട്രൈബേക്കറിൽ തോൽപ്പിച്ചാണ് കാസർഗോഡ് കലാശ പോരാട്ടത്തിന് അർഹത നേടിയത്.

നേരത്തെ ടൂർണമെന്റ് പി.വി ജാബിർ അബ്ദുൽ വഹാബ് കിക്കോഫ് നിർവഹിച്ച് തുടക്കം കുറിച്ചിരുന്നു. മത്സരം വീഷിക്കാൻ മുൻ കൃഷി മന്തി കെ.പി. മോഹനൻ, യുഎഇ കെഎംസിസി വൈസ് പ്രസിഡന്റ് ഹുസൈനാജി എടച്ചാക്കൈ, ദുബായ് കെഎംസിസി പ്രസിഡന്റ് പി.കെ. അൻവർ നഹ അടക്കമുള്ള രാഷ്ര്‌ടീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എത്തിയിരുന്നു. വിജയികൾക്കുള്ള ട്രോഫികൾ സെവൻ എമിരേറ്റ്സ് ഗ്രൂപ്പ് എം.ഡി മുസ്തഫ ഉസ്മാൻ ഹാജി ടീമുകൾക്ക് നൽകി. സ്പോർട്സ് വിംഗ് ചെയർമാൻ ആവയിൽ ഉമ്മർ ഹാജി, സംസ്‌ഥാന ഭാരവാഹികളായ ഒ.കെ. ഇബ്രാഹിം, മുസ്തഫ തിരൂർ, എം.എ. മുഹമ്മദ് കുഞ്ഞി, ഇസ്മായിൽ ഏറാമല, അബ്ദുൾ ഖാദർ അരിപ്പാബ്ര, ആർ. ഷുക്കൂർ, സ്പോർട്സ് വിംഗ് ജനറൽ കൺവീനർ അബ്ദുള്ള ആറങ്ങാടി, ഹംസഹാജി മട്ടുമ്മൽ, കോയ വള്ളിക്കുന്ന്, ഷറഫുദ്ദീൻ ഇരിട്ടി, ഡോ. ഇസ്മയിൽ, റിയാസ് മാണൂർ, ഉനൈസ് എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ