ഫിഡൽ കാസ്ട്രോയുടെ നിര്യാണത്തിൽ കല കുവൈറ്റ് അനുശോചിച്ചു
Sunday, November 27, 2016 3:20 AM IST
കുവൈത്ത് സിറ്റി: ക്യൂബൻ വിപ്ലവ നായകനും, ക്യൂബ മുൻ പ്രസിഡന്റുമായിരുന്ന ഫിഡൽ കാസ്ട്രോയുടെ നിര്യാണത്തിൽ കല കുവൈത്ത് അനുശോചിച്ചു. ലോകമെങ്ങും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജമായിരുന്നു ഫിഡൽ. മൂന്നാം ലോക രാജ്യങ്ങളുടെ ഐക്യത്തിനു വേണ്ടി വാദിച്ച അദ്ദേഹം, തോൽക്കാൻ മനസില്ലാത്ത പോരാട്ടത്തിന്റേയും, പതറാത്ത നിശ്ചയദാർഢ്യത്തിന്റേയും ഉജ്വല മാതൃകയാണ്. അമേരിക്ക നാലു പതിറ്റാണ്ട് തുടർന്ന ഉപരോധം നേരിട്ട് ആരോഗ്യ–വിദ്യാഭ്യാസ രംഗത്ത് ക്യൂബ നേടിയ പുരോഗതി ലോകത്തിനു തന്നെ മാതൃകയാണ്. ഇന്ത്യയുമായി അടുത്ത ബന്ധമാണു ഫിഡൽ പുലർത്തിയിരുന്നത്. അദ്ദേഹത്തിന്റെ പോരാട്ടവീര്യവും ഓർമ്മയും മുന്നോട്ടുള്ള സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ഊർജം പകരുമെന്ന് കല കുവൈത്ത് പ്രസിഡന്റ് ആർ. നാഗനാഥനും, ജനറൽ സെക്രട്ടറി സി.കെ.നൗഷാദും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കാസ്ട്രോയുടെ അര നൂറ്റാണ്ട് കാലത്തെ പ്രവർത്തനം ക്യൂബൻ ജനതയുടെ മാത്രമല്ല ലോകം എമ്പാടുമുള്ള വിപ്ലകാരികൾക്ക് പ്രചോദനം ആയിരുന്നെന്ന് ജനതാകൾച്ചറൽ സെൻററിൻറെ അനുശോചന സന്ദേശത്തിൽ പ്രസിഡൻറ് സഫീർ പി. ഹാരിസ് രേഖപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ