ആഗോള അക്കൗണ്ടന്റസി യോഗ്യതകൾക്ക് പുതിയ മാനങ്ങൾ നൽകി എസിസിഎ
Monday, November 28, 2016 2:04 AM IST
ബംഗളൂരു: ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തമായവിധത്തിൽ അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (എസിസിഎ) അതിന്റെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സിൽ നവീനമായ മാറ്റം വരുത്തുവാൻ നടപടികൾ സ്വീകരിച്ചതായി എസിസിഎ ഇന്റർനാഷണൽ ഡെവലപ്മെന്റ് തലവൻ സജിദ് ഖാൻ അറിയിച്ചു. എസിസിഎ അംഗങ്ങൾ, ജോലിക്കാർ, അധ്യാപകർ തുടങ്ങി വിവിധ തലത്തിൽ രണ്ടുവർഷമായി നടത്തി വരുന്ന ചർച്ചകളുടെ അടിസ്‌ഥാനത്തിലാണ് കോഴ്സിൽ നവീനമായ മാറ്റങ്ങൾ വരുത്തി രൂപകൽപന നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഐഎഫ്ആർഎസിനോടു (ഇന്റർനാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് സ്റ്റാൻഡേർഡ്സ്) യോജിച്ചു പോകുന്ന വിധത്തിലുള്ള സമീപനം 2016 ഏപ്രിൽ മുതൽ ഇന്ത്യ സ്വീകരിക്കുകയും ഇന്ത്യൻ അക്കൗണ്ടിംഗ് സ്റ്റാൻഡേർഡ്സ് (ഇൻഡ്– എഎസ്) നടപ്പിലാക്കുകയും ചെയ്തു. രാജ്യാന്തര തലത്തിൽ അംഗീകരിച്ചിട്ടുള്ള ഐഎഫ്ആർഎസ് മാതൃകയിലാണ് ഇൻഡ്– എഎസ് തയാറാക്കിയിട്ടുള്ളത്. ഇത് ഇന്ത്യൻ അക്കൗണ്ടിംഗ് സ്റ്റാൻഡേർഡിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു. ഇതു മൂലം ഇൻഡ്–എഎസിന്റെ ഊർജസ്വലമായ സ്വഭാവം മനസിലാക്കുകയും അതു നടപ്പിലാക്കാൻ സാധിക്കുകയും ചെയ്യുന്ന ആധുനിക അക്കൗണ്ടന്റുമാരെ സൃഷ്ടിച്ചെടുക്കേണ്ടത് ആവശ്യമായിരിക്കുകയാണെന്നും സജിദ് ഖാൻ പറഞ്ഞു.

നിലവിലുള്ള പ്രഫഷണൽ ലെവൽ പരീക്ഷയ്ക്കു പകരമായി 2018 സെപ്റ്റംബർ മുതൽ പുതിയ സ്ട്രാറ്റജിക് പ്രഫഷണൽ ലെവൽ പരീക്ഷ നടത്താൻ തീരുമാനമായിട്ടുണ്ട്. 2017 ഒക്ടോബർ മുതൽ പുതിയ എത്തിക്സ് ആൻഡ് പ്രഫഷണൽ സ്കിൽ മൊഡ്യൂൾ നടപ്പിലാക്കും. കൂടുതൽവിവരങ്ങൾക്ക് www. accaglobal.com/thefuture എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

1904–ൽ സ്‌ഥാപിതമായ പ്രഫഷണൽ അക്കൗണ്ടന്റുമാരുടെ ആഗോള സംഘടനയായ എസിസിഎയ്ക്ക് ലോകത്തെ 178 രാജ്യങ്ങളിലായി 1,88,000 അംഗങ്ങളും 4,80,000 വിദ്യാർഥികളുമുണ്ട്. ലോകത്തൊട്ടാകെ 100 ഓഫീസുകളും കേന്ദ്രങ്ങളുമുണ്ട്. അവയിലായി 7,110 പേർ ജോലിയും ചെയ്യുന്നുമുണ്ട്.