മൈസൂരു വിമാനത്താവളത്തിനു പുതുജീവൻ
Monday, November 28, 2016 2:05 AM IST
മൈസൂരു: പ്രവർത്തനം നിലച്ച മൈസൂരു വിമാനത്താവളത്തിനു വീണ്ടും ജീവൻ വയ്ക്കുന്നു. മൈസൂരുവിൽ നിന്നുള്ള വിമാനസർവീസുകൾ പുനരാരംഭിക്കാനുള്ള പദ്ധതികൾ പ്രാരംഭഘട്ടത്തിലാണ്.

കേന്ദ്ര സർക്കാരിന്റെ റീജണൽ കണക്ടിവിറ്റി പദ്ധതിയുടെ ഭാഗമായാണിത്. പദ്ധതിക്കായി സംസ്‌ഥാന സർക്കാർ കേന്ദ്ര വ്യോമയാന മന്ത്രാലയവുമായി ഉടൻ കരാർ ഒപ്പുവയ്ക്കും. പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറുള്ള വിമാനക്കമ്പനികളെയും ഉടൻ കണ്ടെത്തും.

പദ്ധതി പൂർത്തിയായാൽ ബംഗളൂരുവിനു പുറമേ കൊച്ചി, ചെന്നൈ, ഗോവ, ഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും മൈസൂരുവിൽ നിന്ന് വിമാനസർവീസുകൾ നടത്തും. മണിക്കൂറിന് 2,500 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഇതിന് സബ്സിഡിയും നൽകും. ഇതു പ്രകാരം മൈസൂരുവിൽ നിന്നു ബംഗളൂരുവിലേക്ക് 1,700 രൂപയ്ക്ക് പറക്കാൻ കഴിയും.