ഫൈസലിന്റെ കുടുംബത്തിനുള്ള പെൻഷൻ ഫണ്ട് മുനവറലി തങ്ങൾക്ക് കൈമാറി
Monday, November 28, 2016 2:05 AM IST
മനാമ: മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയിൽ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ ഭാര്യക്ക് ബഹറിൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി നൽകുന്ന വിധവ പെൻഷൻ ഫണ്ട് കൈമാറ്റം മനാമയിലെ ബഹറിൻ കെഎംസിസി കേന്ദ്ര ആസ്‌ഥാനത്ത് നടന്നു. പാണക്കാട് സയിദ് മുനവറലി തങ്ങൾ മുഖേനെയാണ് ആദ്യ മാസത്തെ വിധവ ഫണ്ട് നാട്ടിലെത്തിക്കുന്നത്.

ഹൃസ്വ സന്ദർശനാർഥം കഴിഞ്ഞ ദിവസം ബഹറിനിലെത്തിയ പാണക്കാട് സയിദ് മുനവറലി തങ്ങൾക്ക്, കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ട്രഷറർ ഷംസുദ്ദീൻ വളാഞ്ചേരിയാണ് വിധവ പെൻഷനിലേക്കുള്ള ആദ്യ ഘഡു കൈമാറിയത്. തുടർന്നുള്ള മാസങ്ങളിൽ നാട്ടിലെ മുല്ലിം ലീഗ് കമ്മിറ്റി മുഖേനെ മാസംതോറുമുള്ള പെൻഷൻ തുക വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിലവിൽ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 15 പേർക്കാണ് ബഹറിൻ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി പ്രവാസി വിധവാ പെൺഷൻ വിതരണം ചെയ്തു വരുന്നത്. ഇതോടെ കെഎംസിസിയുടെ പ്രവാസി പെൻഷൻ ലഭിക്കുന്ന പതിനാറാമത്തെ കുടുംബമാണ് ഫൈസലിന്റേത്. ബൈത്തു റഹ്മ അടക്കമുള്ള വിവിധ പദ്ധതികളും ഈ കുടുംബത്തിന് ഇതര കെഎംസിസി മുല് ലിംലീഗ് കമ്മിറ്റികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നുണ്ട്.

ബഹറിനിലെ കെഎംസിസി കേന്ദ്ര ആസ്‌ഥാനത്ത് നടന്ന ഫണ്ട് കൈമാറ്റ ചടങ്ങിൽ ബഹറിൻ കെഎംസിസി സംസ്‌ഥാന പ്രസിഡന്റ് എസ്.വി. ജലീൽ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ട്രഷറർ ഹബീബ് റഹ്മാൻ വേങ്ങൂർ മലപ്പുറം ജില്ലാ കെഎംസിസി ഭാരവാഹികളായ പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ആക്ടിംഗ് സെക്രട്ടറി റിയാസ് വെള്ളച്ചാൽ, ട്രഷറർ ഷംസുദ്ദീൻ മറ്റു ഭാരവാഹികളായ ഇഖ്ബാൽ താനൂർ, മുഹമ്മദലി വളാഞ്ചേരി, മുസ്തഫ പുറത്തൂർ, ശാഫി കോട്ടക്കൽ, ഉമ്മർ മലപ്പുറം, ശംസുദ്ദീൻ വെന്നിയൂർ, മൗസൽ മൂപ്പൻ തിരൂർ എന്നിവരും സംബന്ധിച്ചു.