മാലിനി സുബ്രഹ്മണ്യൻ ഇന്റർനാഷണൽ പ്രസ് ഫീഡം പുരസ്കാരം ഏറ്റുവാങ്ങി
Monday, November 28, 2016 2:16 AM IST
ന്യൂയോർക്ക്: ഇന്റർനാഷണൽ പ്രസ് ഫ്രീഡം പുരസ്കാരം ഇന്ത്യൻ ജേർണലിസ്റ്റ് മാലിനി സുബ്രഹ്മണ്യൻ ഏറ്റുവാങ്ങി. നവംബർ 22ന് ന്യൂയോർക്കിൽ നടന്ന കമ്മിറ്റി ഓഫ് പ്രൊട്ടക്ട് ജേർണലിസ്റ്റ് വാർഷിക യോഗത്തിൽ മാലിനി ഉൾപ്പെടെ നാലുപേരാണ് പുരസ്കാരം സ്വീകരിച്ചത്.

മനുഷ്യാവകാശ ധ്വംസനത്തിനെതിരെയും ധീരമായി പ്രതികരിക്കുകയും റിപ്പോർട്ടുകൾ തയാറാക്കുകയും ചെയ്ത മാലിനി സുബ്രഹ്മണ്യനെ ഒരു ഘട്ടത്തിൽ മാവോയ്റ്റ് ആയി മുദ്ര കുത്തി ഛത്തീസ്ഗഡ് പോലീസ് പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ബസ്റ്റർ പ്രദേശങ്ങളിൽ മാവോയിസ്റ്റുകളെ തുരത്തുന്നതിനായി പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോർട്ട് തയാറാക്കിയതായിരുന്നു പോലീസിനെ പ്രകോപിപ്പിച്ചത്.

ഫെബ്രുവരിയിൽ ഉണ്ടായ ഭീഷണിയെത്തുടർന്ന് ഛത്തീസ്ഗഡിലുള്ള വീട് ഉപേക്ഷിച്ച് രക്ഷപെടേണ്ട സാഹചര്യം ഉണ്ടായതായി അവാർഡ് സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ മാലിനി പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ സുരക്ഷയെക്കുറിച്ച് ഇന്ത്യ ഗവൺമെന്റ് മൗനം പാലിക്കുന്നതായും അവർ കുറ്റപ്പെടുത്തി.

പത്രസ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻപോലും ബലികഴിക്കുവാൻ തയാറായവരാണ് ഇവരെന്ന് സിപിജെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ലോക്യവ്യാപകമായി പത്രപ്രവർത്തകർക്ക് ഭീഷണി വർധിച്ചുവരുന്നതായി സിപിജെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോയൽ സൈമൺ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: പി.പി. ചെറിയാൻ