സൗദിയിൽ വാഹനം വെള്ളത്തിൽ കുടുങ്ങി മലയാളി മരിച്ചു
Tuesday, November 29, 2016 3:29 AM IST
റിയാദ്: വാഹനം വെള്ളക്കെട്ടിൽ കുടുങ്ങി മലയാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി എഴുത്തച്ചൻ കണ്ടി ശിഹാബി(32) നെയാണ് മറാത്തിനടുത്ത് റോഡിലെ വെള്ളക്കെട്ടിൽ ഓടിച്ചിരുന്ന വാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിയാദിലെ ദീബാജ് കമ്പനിയിലെ സെയിൽസ്മാനായിരുന്ന ഇദ്ദേഹം ജോലിയുടെ ഭാഗമായി അൽഖസീമിലേക്ക് ഞായറാഴ്ച പോയതായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ മറാത്തിലെ റോഡിലുണ്ടായ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്ന വാനിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാലു വർഷമായി റിയാദിലുള്ള ഇദ്ദേഹം സിബാലയിലാണ് താമസിക്കുന്നത്. ഭാര്യ: സലീന. മക്കൾ: ഫഹ്മ, ഫൈഹ. മറാത്ത് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം റിയാദിൽ ഖബറടക്കും.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ