സ്റ്റീഫൻ ജോർജിന് അഭിനന്ദന പ്രവാഹം
Tuesday, November 29, 2016 5:56 AM IST
മെൽബൺ: കോട്ടയം അതിരൂപത ക്നാനായ കാത്തലിക് കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുൻ എംഎൽഎ സ്റ്റീഫൻ ജോർജിന് ഓസ്ട്രേലിയായിലെ വിവിധ ക്നാനായ സംഘടനകളുടെ അഭിനന്ദന പ്രവാഹം. വിദ്യാർഥി രാഷ്ര്‌ടീയത്തിലൂടേയും കെസിവൈഎൽ യുവജന പ്രസ്‌ഥാനത്തിലൂടേയും പ്രവർത്തിച്ച് കഴിവു തെളിയിച്ച വ്യക്‌തിയാണ് സ്റ്റീഫൻ ജോർജ്. ക്നാനായ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ചെയർമാനായും ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു. സ്റ്റീഫൻ ജോർജിനോടൊപ്പം കോട്ടയം അതിരൂപതയുടെ കീഴിൽ കെസിവൈഎലിൽ പ്രവർത്തിക്കുന്ന ഓസ്ട്രേലിയായിലെ വിവിധ സ്‌ഥലങ്ങളിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മ സ്റ്റീഫൻ ജോർജിനെ അഭിനന്ദിച്ചു.

ക്നാനായ കാത്തലിക് കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റീഫൻ ജോർജിനും സഹപ്രവർത്തകർക്കും ഓസ്ട്രേലിയായിൽ താമസിക്കുന്ന മുൻകാല കെസിവൈഎൽ നേതാക്കന്മാരായ ബ്രദർ ജിജിമോൻ കുഴിവേലി, റെജി പാറയ്ക്കൻ, കുര്യാക്കോസ് തോപ്പിൽ, സുനിൽ ഫിലിപ്പ്, ഫിലിപ്പ് കുമ്പക്കാലുങ്കിൽ, ജോസഫ് തച്ചേടൻ, ഷാജൻ ജോർജ്, സ്റ്റീഫൻ ഓക്കാട്ട് എന്നിവർ ടെലിഫോണിലൂടെ ആശംസകൾ നേർന്നു. പ്രസിഡന്റ് സ്റ്റീഫൻ ജോർജിനും സെക്രട്ടറി ഷൈജു ഓട്ടപ്പളളിക്കും മേയിൽ മെൽബണിൽ സ്വീകരണം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ലോകത്തിലെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ക്നാനായ സംഘടനകളെ ഒരുമിപ്പിച്ച് സ്നേഹത്തിലും ഐക്യത്തിലും സമുദായ പാരമ്പര്യത്തിലും ഒറ്റക്കെട്ടായി മുന്നോട്ട് കോണ്ടുപോകുവാൻ ശ്രമിക്കുമെന്ന് സ്റ്റീഫൻ ജോർജ് അറിയിച്ചു. ന്യൂസിലൻഡിൽ താമസിക്കുന്ന മുൻകാല കെസിവൈഎൽ നേതാവ് ബിജോമോൻ ചേന്നാത്തും സ്റ്റീഫൻ ജോർജിനെ അഭിനന്ദിച്ചു.

റിപ്പോർട്ട്: റെജി പാറയ്ക്കൻ