രാഷ്ര്‌ടീയ അനിശ്ചിതാവസ്‌ഥ യൂറോസോണിനു ഭീഷണി: ഇസിബി
Tuesday, November 29, 2016 5:58 AM IST
ബർലിൻ: രാഷ്ര്‌ടീയ അനിശ്ചിതാവസ്‌ഥകൾ യൂറോസോണിന്റെ സുസ്‌ഥിരതയ്ക്കു ഭീഷണി ഉയർത്തുന്നുവെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്. ബ്രെക്സിറ്റ് ഹിത പരിശോധനയും യുസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും വരെ മേഖലയിൽ സമ്മർദം വർധിപ്പിച്ചിരിക്കുകയാണെന്നും ഇസിബി വിലയിരുത്തുന്നു.

19 രാജ്യങ്ങളാണിപ്പോൾ യൂറോ പൊതു കറൻസിയായി ഉപയോഗിച്ചു വരുന്നത്. വാണിജ്യ യുദ്ധങ്ങളും ഉയർന്ന നാണ്യപെരുപ്പവും ഡോളറിന്റെ ഉയരുന്ന മൂല്യവുമായിരിക്കും സമീപ ഭാവിയിൽ യൂറോയ്ക്ക് നേരിടാനുള്ളതെന്നും മുന്നറിയിപ്പിൽ പറയുന്നു.

2009ൽ നേരിട്ടതിനു സമാനമായൊരു യൂറോസോൺ കടക്കെണി ആവർത്തിച്ചു കൂടായ്കയില്ല എന്നും ഇസിബി പറയുന്നു. ചില ഓഹരി വിപണികളിൽ കുത്തനെ ഇടിവും പ്രതീക്ഷിക്കാം.

ഭരണഘടനാ പരിഷ്കാരത്തിന് ഇറ്റലി അടുത്ത മാസം നാലിനു നടത്തുന്ന ജനഹിത പരിശോധന, അടുത്ത വർഷം ഫ്രാൻസിലും ജർമനിയിലും നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പുകൾ എന്നിവയും യൂറോപ്പിൽ രാഷ്ര്‌ടീയ അനിശ്ചിതാവസ്‌ഥയ്ക്കു കാരണമായേക്കാമെന്നും ഇത് യൂറോ സോണിനെ ബാധിക്കാമെന്നും ഇസിബി വിലയിരുത്തുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ