കേരള പോലീസ് സംഘം കുനിയിൽ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ നാട്ടിലെത്തിച്ചു
Tuesday, November 29, 2016 6:00 AM IST
റിയാദ്: അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയും പിടികിട്ടാപുള്ളിയുമായ കിഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി അബ്ദുൾ സബൂർ കോട്ടയെ സൗദിയിൽനിന്നും നാട്ടിലെത്തിക്കുന്നതിനായി തിങ്കളാഴ്ച പുലർച്ചെ റിയാദ് എയർപോട്ടിലിറങ്ങിയ കേരള പോലീസ് ടീം അംഗങ്ങൾക്ക് വീസയിലെ സാങ്കേതികത്വം കാരണം പുറത്തിറങ്ങാൻ സാധിച്ചില്ല. പിന്നീട് സൗദി അധികൃതർ ഇടപെട്ട് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പ്രതി അബ്ദുസബൂറിനേയുമായി തിങ്കളാഴ്ച വൈകുന്നേരം ഏഴിന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.

2012 ജൂൺ 10 ന് കുനിയിൽ അങ്ങാടിയിൽ ഒരു സംഘം ആളുകൾ ആയുധങ്ങളുമായി വാഹനങ്ങളിലെത്തി കൊളക്കാടൻ ഗുലാം ഹുസൈൻ എന്ന ബാപ്പുട്ടിയുടെ മക്കളായ കൊളക്കാടൻ അബൂബക്കർ, ആസാദ് എന്നിവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അബ്ദുൾ സബൂർ. 21 പ്രതികളുള്ള കേസിൽ 17 ാം പ്രതിയായ അബ്ദുൾ സബൂർ ഒഴികെയുള്ള എല്ലാവരേയും ഇതിനകം കേരള പോലീസ് അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊലപാതകത്തിനുള്ള ആസൂത്രണത്തിൽ മുഖ്യപങ്കു വഹിച്ചെന്ന് പോലീസ് സംശയിക്കുന്ന അബ്ദുൾ സബൂർ സംഭവത്തിന് മുൻപ് 2012 മേയ് 15 ന് സൗദി അറേബ്യയിലേക്ക് കടക്കുകയായിരുന്നു. ഈ കേസിലെ 15– ാം പ്രതിയായ മുജീബ് റഹ്മാനെ 2013 ൽ ദോഹയിൽ വച്ച് ഇന്റർപോൾ പിടികൂടി കേരള പോലീസിന് കൈമാറിയിരുന്നു.

അബ്ദുൾ സബൂറിനെ ആറ് മാസം മുൻപാണ് ജിസാനിൽ സൗദി പോലീസ് പിടികൂടുന്നത്. ഇന്ത്യയും സൗദിയും തമ്മിൽ നിലവിൽ വന്ന കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരം ഒരു പ്രതിയെ കൊണ്ടു പോകാൻ ആദ്യമായാണ് ഇന്ത്യയിൽ നിന്നും പോലീസ് സംഘം സൗദി അറേബ്യയിലെത്തുന്നത്. കുനിയിൽ ഇരട്ടക്കൊലപാതകകേസിന്റെ അന്വേഷണച്ചുമതലയുള്ള പെരിന്തൽമണ്ണ ഡിവൈഎസ്പി എം.പി. മോഹനചന്ദ്രൻ, മലപ്പുറം അഡ്മിനിസ്ട്രേറ്റീവ് ഡിവൈഎസ്പി അബ്ദുൾ ഖാദർ എന്നിവരാണ് പ്രതിയെ കൊണ്ടുപോകുന്നതിനായി തിങ്കളാഴ്ച കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ റിയാദ് കിംഗ് ഖാലിദ് ഇൻറർനാഷണൽ എയർപോർട്ടിൽ എത്തിയിരുന്നത്.

മഞ്ചേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണക്കുള്ള പ്രാരംഭനടപടിക്രമങ്ങൾ പൂർത്തിയായി വരുന്ന കേസ് ഡിസംബർ രണ്ടിന് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.