ഫോമയുടെ ‘സ്വാന്തനം’ പ്രവാസി മലയാളികൾക്ക് ആശ്വാസം
Tuesday, November 29, 2016 6:02 AM IST
ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ സാംസ്കാരിക സംഘടനയായ ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ‘സ്വാന്തനം’ എന്ന പദ്ധതിക്ക് തുടക്കമായി.

നോർത്തമേരിക്കയിലേക്ക് കുടിയേറി പാർക്കുന്ന പുതിയ കുടുംബങ്ങൾക്ക് ആവശ്യമായ വീസ, ഇമിഗ്രേഷൻ സംബന്ധമായ സഹായ സഹകരണങ്ങൾ നൽകുക, വ്യക്‌തിപരമായ ദുഃഖത്താലും അപകടത്താലും ഒറ്റപ്പെട്ട് കഴിയുന്ന അമേരിക്കൻ മലയാളി പ്രവാസികൾക്ക് നിയമ പരിരക്ഷ നൽകുക, വിവിധ നിലകളിൽ മാനസിക സംഘർഷം അനുഭവിക്കുന്ന വ്യക്‌തികൾക്കും കുടുംബാംഗങ്ങൾക്കും കൗൺസലിംഗ് നൽകുക, അമേരിക്കയിൽ വളർന്നു വരുന്ന പുതിയ തലമുറയ്ക്ക് തലമുറകൾ തമ്മിലുള്ള സൗഹൃദപരമായ നിലനില്പിനുവേണ്ടിയുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, യുവജനങ്ങൾക്ക് തക്ക തൊഴിൽ കണ്ടെത്താനുള്ള മാർഗനിർദ്ദേശങ്ങൾ നൽകുക, സാമൂഹികമായും മാനസികമായും ശാരീരികമായും പീഡനങ്ങളും നേരിടുന്ന മാതാപിതാക്കളെയും സഹോദരി സഹോദരങ്ങളെയും കണ്ടെത്തി സഹായിക്കുക തുടങ്ങിയവയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ചെയർപേഴ്സൺ രേഖ ഫിലിപ്പ് അറിയിച്ചു.

ഇലക്ഷൻ പ്രചാരണങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ, ഫോമയുടെ ദേശീയ ഭാരവാഹികളായ ബെന്നി വാച്ചാചിറ, ജിബി തോമസ്, ജോസി കുരിശിങ്കൽ, ലാലി കളപ്പുരയ്ക്കൽ, വിനോദ് കൊണ്ടൂർ, ജോമോൻ കുളപ്പുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

വിവരങ്ങൾക്ക്: രേഖ ഫിലിപ്പ് 267 519 7117.