‘വിവാഹം: സങ്കല്പവും സാഫല്യവും’ പ്രകാശനം ഡിസംബർ മൂന്നിന്
Tuesday, November 29, 2016 6:02 AM IST
ഷിക്കാഗോ: റവ. ഡോ. കെ. സോളമൻ രചിച്ച ‘വിവാഹം: സങ്കല്പവും സാഫല്യവും’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഷിക്കാഗോയിൽ നടക്കും. ഡിസംബർ മൂന്നിന് (ശനി) നടക്കുന്ന എക്യുമെനിക്കൽ കൗൺസിൽ ഓഫ് കേരള ചർച്ചസ് ഇൻ ഷിക്കാഗോയുടെ ക്രിസ്മസ് ആഘോഷ വേദിയിലാണ് പ്രകാശന കർമം നടക്കുക. ഷിക്കാഗോ സീറോ മലബാർ രൂപത ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത് പുസ്തകത്തിന്റെ പ്രകാശന കർമം നിർവഹിക്കും.

കുടുംബം എന്ന വ്യവസ്‌ഥിതിയുടെ നാനാവശങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന പുസ്തകം വിവാഹത്തെ സമഗ്രവും സമ്പുഷ്‌ടമായും അപഗ്രഥിക്കുന്നു. വിജയകരമായ കുടുംബ ജീവിതത്തിന് അടിസ്‌ഥാനമായ പാഠങ്ങളെ സമഗ്രമായി പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. കുടുംബ ജീവിതത്തിന്റെ സന്തോഷവും സംതൃപ്തിയും സ്വായത്തമാക്കുവാൻ ഉപകരിക്കുന്ന വിലപ്പെട്ട മാർഗ നിർദ്ദേശങ്ങൾ പ്രദാനം ചെയ്യുന്ന പുസ്തകം സിഎസ്എസ് ബുക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. മാർത്തോമ സഭയിലെ കാലം ചെയ്ത ഡോ. സഖറിയാസ് മാർ തെയോഫിലോസ് ആണ് അവതാരിക എഴുതിയിരിക്കുന്നത്. വായനയുടെ നവ്യാനുഭൂതി പകരുന്ന ഈ ഗ്രന്ഥം സാമൂഹിക പ്രവർത്തകർക്കും വൈദികർക്കും തികച്ചും സഹായകരമാണ്.

ഗ്രന്ഥ കർത്താവ് റവ. ഡോ. കെ. സോളമൻ ഷിക്കാഗോ സെന്റ് തോമസ് മാർത്തോമ ഇടവക വികാരിയായാണ്.

വിവരങ്ങൾക്ക്: റവ. ഡോ. കെ. സോളമൻ 630 802 2766

റിപ്പോർട്ട്: ബെന്നി പരിമണം