കമല ഹാരിസ് 2020 പ്രസിഡന്റ് സ്‌ഥാനാർഥി: വാഷിംഗ്ടൺ പോസ്റ്റ്
Tuesday, November 29, 2016 6:04 AM IST
വാഷിംഗ്ടൺ: 2020ൽ നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടി സ്‌ഥാനാർഥിത്വം ലഭിക്കുന്നതിന് സാധ്യതയുളള ആദ്യ വ്യക്‌തി ഇന്ത്യൻ അമേരിക്കൻ വംശജ കമലാ ഹാരിസാണെന്ന് അമേരിക്കയിൽ ഏറ്റവും പ്രചാരത്തിലുള്ള ന്യൂസ്പേപ്പറായ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നവംബർ 28നാണ് ഇതുസംബന്ധിച്ച വാർത്ത പത്രം പ്രസിദ്ധീകരിച്ചത്.

മിഷേൽ ഒബാമ, മിനിസോട്ടയിൽ നിന്നുളള സെനറ്റർ ഏമി ക്ലൊബുച്ചർ, ന്യൂയോർക്കിൽ നിന്നുളള സെനറ്റർ ക്രിസ്റ്റിൻ ഗിലിബ്രാന്റ്, ന്യൂജഴ്സി സെനറ്റർ കോറി ബുക്കർ, കൊളറാഡൊ ഗവർണർ ജോൺ ഹിക്കിൻലൂഫർ എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടാമെങ്കിലും പ്രഥമ സ്‌ഥാനം കമലാ ഹാരിസനാണെന്നാണ് പത്രത്തിന്റെ കണ്ടെത്തൽ.

ചെന്നൈ സ്വദേശിയായ ശ്യാമള ഗോപാലന്റേയും ജമൈയ്ക്കൻ സ്വദേശിയ ഡൊണൾഡ് ഹാരിസിന്റേയും മകളായ കമല ഹാരിസ് (51) യുഎസ് സെനറ്റിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ അമേരിക്കൻ വനിതാ പ്രതിനിധിയാണ്. കലിഫോർണിയയിൽ നിന്നും സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഒരു മാസം പിന്നിട്ടപ്പോൾ നാലു വർഷത്തിനുശേഷമുളള പ്രസിഡന്റ് സ്‌ഥാനാർഥി ലിസ്റ്റിൽ കമലാ ഹാരിസ് സ്‌ഥാനം പിടിച്ചിരിക്കുന്നുവെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് പറയുന്നത്. രണ്ട് തവണ കലിഫോർണിയ അറ്റോർണി ജനറലായിട്ടുളള കമലാ ഹാരിസ് വൻ ഭൂരിപക്ഷത്തോടെയാണ് കലിഫോർണിയായിൽ നിന്നും വിജയിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ