ഡിവൈഎസ്പിയുടെ മരണം: ജുഡീഷൽ അന്വേഷണം നാളെ
Tuesday, November 29, 2016 8:42 AM IST
ബംഗളൂരു: മംഗളൂരു ഡിവൈഎസ്പി ആയിരുന്ന എം.കെ. ഗണപതിയുടെ മരണം സംബന്ധിച്ച് ജുഡീഷൽ അന്വേഷണം ആരംഭിച്ചു. ഹൈക്കോടതി റിട്ട. ജസ്റ്റീസ് കെ.എൻ. കേശവനാരായണയുടെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മീഷനാണ് അന്വേഷണം. ഗണപതിയെ ആത്മഹത്യയിലേക്കു നയിച്ചത് എന്തൊക്കെയാണെന്ന് കമ്മീഷൻ പരിശോധിക്കും. കെ.ജി. റോഡിലുള്ള കാവേരി ഭവനിലാണ് കമ്മീഷന്റെ ഓഫീസ്.

കഴിഞ്ഞ ജൂലൈയിലാണ് ഗണപതിയെ മടിക്കേരിയിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മന്ത്രി കെ.ജെ. ജോർജും മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥരും തന്നെ പീഡിപ്പിക്കുന്നതായി സ്വകാര്യ ടിവി ചാനലിൽ വെളിപ്പെടുത്തിയതിനു ശേഷമായിരുന്നു ആത്മഹത്യ. ഇതിനു പിന്നാലെയുണ്ടായ ആരോപണങ്ങളെ തുടർന്ന് കെ.ജെ. ജോർജിന് മന്ത്രിസ്‌ഥാനം രാജിവയ്ക്കേണ്ടി വന്നു. ജോർജിനെതിരേ കേസെടുക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കേസ് അന്വേഷിച്ച സിഐഡി ക്ലീൻചിറ്റ് നല്കിയതോടെ ജോർജ് വീണ്ടും മന്ത്രിസ്‌ഥാനത്തേക്ക് എത്തുകയും ചെയ്തു.