മൈസൂരു മേയർ തെരഞ്ഞെടുപ്പ് ഡിസംബർ ഏഴിന്
Tuesday, November 29, 2016 8:42 AM IST
മൈസൂരു: മൈസൂരു കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ സ്‌ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ ഏഴിന് നടക്കും. ഇത്തവണ മേയർ സ്‌ഥാനം പൊതു വിഭാഗത്തിനും ഡെപ്യൂട്ടി മേയർ സ്‌ഥാനം പൊതുവിഭാഗം വനിതയ്ക്കുമാണ് നിശ്ചയിച്ചിരിക്കുന്നത്. ബിജെപി– ജെഡിഎസ് സഖ്യമാണ് കഴിഞ്ഞ മൂന്നു വർഷമായി കോർപറേഷൻ ഭരിക്കുന്നത്. കാലാവധി തീരാൻ ഇനിയും രണ്ടു വർഷം കൂടിയുണ്ട്. മേയർ സ്‌ഥാനാർഥിയെ ജെഡി–എസ് സംസ്‌ഥാന അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി നിയമസഭാ സമ്മേളനത്തിനു ശേഷം തീരുമാനിക്കും. കെ.ടി. ചെലുവുഗൗഡയ്ക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത്. അതേസമയം, ഡെപ്യൂട്ടി മേയർ സ്‌ഥാനത്തേക്ക് ബിജെപി രത്ന ലക്ഷ്മണെ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്. ആകെ 65 വാർഡുകളുള്ള കോർപറേഷനിൽ ജെഡി–എസിന് 23 കോർപറേറ്റർമാരാണുള്ളത്. ഇവർക്കു പുറമേ മൂന്ന് എംഎൽസിമാരുടെയും ഒരു എംഎൽഎയുടെയും വോട്ടുകൾ കൂടി ലഭിക്കും. ബിജെപിക്ക് 13 കോർപറേറ്റർമാരും ഒരു എംപിയുമുണ്ട്.