ഡോ. ജോർജ് മുത്തോലിലുമായി ഡബ്ല്യുഎംഎഫ് പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി
Tuesday, November 29, 2016 8:47 AM IST
വിയന്ന: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) സംഘടിപ്പിച്ച യോഗത്തിൽ സാമൂഹ്യശാസ്ത്രജ്‌ഞനും തിരുവനന്തപുരം ലയോള കോളജ് മുൻ പ്രിസിപ്പലും ബംഗളുരുവിലെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടമായിരുന്ന റവ. ഡോ. ജോർജ് മുത്തോലിൽ എസ്.ജെ പ്രവാസി ജീവിതത്തിന്റെ ചില പ്രധാന വശങ്ങളെപ്പറ്റി ഡബ്ല്യുഎംഎഫ് പ്രതിനിധികളുമായി ചർച്ച നടത്തി. പ്രവാസികൾക്ക് ഉതകുന്ന മാതൃകാപദ്ധതികൾ ആവിഷ്കരിക്കാൻ കേരളത്തിൽ ഡബ്ല്യുഎംഎഫിന് ആവശ്യമുള്ള സഹായസഹകരണങ്ങൾ നൽകാമെന്ന് ഡോ. മുത്തോലിൽ പറഞ്ഞു. സാമ്പത്തിക പുരോഗതിയോടൊപ്പം രാജ്യം ഇതുവരെ കാണാത്തരീതിയിലുള്ള സാമ്പത്തിക അസമത്വവും വളരുന്നതായും സാമ്പത്തികവും സാംസ്കാരികവുമായ ഈ വൻമാറ്റങ്ങൾ വ്യക്‌തികളിലും സമൂഹങ്ങളിലും വലിയ അരക്ഷിതാവസ്‌ഥയും ഭീതിയും ഉണർത്തുന്നതായി ഡോ. ജോർജ് മുത്തോലിൽ അഭിപ്രായപ്പെട്ടു. പുതിയ സാഹചര്യത്തിൽ സ്വന്തം വ്യക്‌തിത്വവും തനിമയും നിർവചിക്കാനും തങ്ങളുടെ വ്യത്യസ്തതയെ എടുത്തുകാട്ടാനുമുള്ള പ്രവണത വർധിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

നമ്മുടെ ആൾക്കാർ, നമ്മുടെ സംസ്കാരം, നമ്മുടെ ആഘോഷം എന്നൊക്കെ പ്രഘോഷിച്ചു സുരക്ഷിതത്വം കാണാൻ ശ്രമിക്കുകയാണ് പല പ്രവാസി സമൂഹങ്ങളും ഇന്ന്. ഈ സാഹചര്യത്തിലാണ് പരിമിതമായ കുട്ടായ്മകളോ, സാർവലൗഗീക മനുഷ്യത്വാധിഷ്ഠിതമായ കുട്ടായ്മകളാണോ വേണ്ടതെന്ന ചോദ്യം പ്രവാസി സമൂഹം വിചിന്തനം ചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ആഗോളീകരണത്തിനു ഇരയായവരെ കണ്ടുപിടിച്ചു അവരുമായി മാനവികതക്കുവേണ്ടി പ്രവർത്തിക്കാൻ ഡോ. മുത്തോലിൽ ഡബ്ല്യുഎംഎഫ് പ്രതിനിധകളോട് ആഹ്വാനം ചെയ്തു. മാഗ് വർഗീസ് പഞ്ഞിക്കാരൻ മോഡറേറ്ററായിരുന്നു.

റിപ്പോർട്ട്: ജോബി ആന്റണി