തിരിച്ചെത്തുന്ന ജിഹാദികളിൽ പകുതിയും ഭീകര പ്രവർത്തനം തുടരുന്നു
Tuesday, November 29, 2016 10:06 AM IST
ബർലിൻ: ജർമനിയിൽ നിന്നു സിറിയയിലും ഇറാക്കിലും പോയി മടങ്ങിവരുന്ന ജിഹാദികളിൽ നാലിലൊന്നു പേർ മാത്രമാണ് സർക്കാരുമായി സഹകരിക്കുന്നതെന്നും പകുതി പേർ സ്വന്തം നാട്ടിലും ഭീകര പ്രവർത്തനങ്ങൾ തുടരുകയാണെന്നും സർക്കാർ റിപ്പോർട്ട്.

ഫെഡറൽ ക്രിമിനൽ പോലീസ് ഓഫീസ്, ഫെഡറൽ ഓഫീസ് ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് ദ കോൺസ്റ്റിറ്റ്യൂഷൻ, ഹെസെയ്ൻ ഇൻഫർമേഷൻ ആൻഡ് കോമ്പിറ്റൻസ് സെന്റർ എഗയിൻസ്റ്റ് എക്സ്ട്രീമിസം എന്നിവ ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

ഏതാനും വർഷങ്ങൾക്കിടെ 850 പേരാണ് ജർമനിയിൽനിന്ന് സിറിയയിലേക്കും ഇറാക്കിലേക്കും ജിഹാദിനു പോയത്. ഇവരിൽ മൂന്നിലൊന്നാളുകളാണ് നാട്ടിൽ തിരിച്ചെത്തിയത്. അതായത് 274 പേർ. ഇവരിൽ 48 ശതമാനം പേർ ഇപ്പോഴും സജീവമായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു.

ഇതിൽ എട്ടു ശതമാനം പേർ ജർമനി കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനം നടത്തുക എന്ന വ്യക്‌തമായ അജൻഡയോടെ തന്നെ തിരികെ വന്നവരാണ്. പത്തു ശതമാനം പേർ മാത്രമാണ് മനംമടുത്ത് തിരിച്ചുപോന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ