ബ്രിട്ടൻ യൂറോപ്യൻ വിപണിയിൽ തുടരുന്നതു സംബന്ധിച്ചും നിയമ യുദ്ധം
Tuesday, November 29, 2016 10:07 AM IST
ലണ്ടൻ: യൂറോപ്യൻ യൂണിയൻ അംഗത്വം ഉപേക്ഷിച്ച ശേഷം ബ്രിട്ടൻ യൂറോപ്യൻ ഏകീകൃത വിപണിയിൽ തുടരണോ എന്നതു സംബന്ധിച്ച് നിയമ യുദ്ധം.

യൂറോപ്യൻ ഇക്കണോമിക് ഏരിയ അംഗത്വവും യൂറോപ്യൻ യൂണിയൻ അംഗത്വവും വെവ്വേറെയാണ്. ഈ സാഹചര്യത്തിൽ, യൂണിയൻ അംഗത്വം ഉപേക്ഷിച്ചാലും ഇക്കണോമിക് ഏരിയയിൽനിന്നു ബ്രിട്ടൻ പുറത്തു പോകുന്നത് അനിവാര്യമല്ല എന്നാണ് ഒരു വിഭാഗം നിയമ വിദഗ്ധർ വാദിക്കുന്നത്.

അതേസമയം, യൂറോപ്യൻ യൂണിയൻ അംഗത്വത്തിനൊപ്പം ഇക്കണോമിക് ഏരിയ അംഗത്വവും അവസാനിക്കും എന്ന നിലപാടാണ് ബ്രിട്ടീഷ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഏകീകൃത വിപണിയിൽ അംഗത്വമുള്ള രാജ്യങ്ങളിലെ പൗരൻമാർക്ക് യൂണിയനുള്ളിൽ സഞ്ചാര സ്വാതന്ത്ര്യം ലഭിക്കും.

1990കളിലാണ് യൂറോപ്യൻ ഇക്കണോമിക് ഏരിയ രൂപീകരിക്കപ്പെടുന്നത്. യൂണിയനിൽ അംഗത്വമില്ലാത്ത നോർവേ, ഐസ്ലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിന്റെ ഭാഗവുമാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ