ജർമനിയിൽ ഒമ്പതു ലക്ഷം പേരുടെ ഇന്റർനെറ്റ് ഹാക്ക് ചെയ്തു
Wednesday, November 30, 2016 3:12 AM IST
ബർലിൻ: ജർമൻ ടെലികോമിന്റെ ഒമ്പതു ലക്ഷം ഉപഭോക്‌താക്കളെ ഹാക്ക് ചെയ്തു. ഞായർ, തിങ്കൾ ദിവസങ്ങളിലായിട്ടാണ് ജർമനിയിലെ ഒമ്പതു ലക്ഷം ഉപയോക്‌താക്കളുടെ ഇന്റർനെറ്റ് ബന്ധം നഷ്‌ടപ്പെട്ടത്. ഇതെക്കുറിച്ച് അന്വേഷണം നടത്തുന്ന ജർമൻ ടെലികോം ഹാക്കർമാരയാണ് മുഖ്യമായി സംശയിക്കുന്നത്.

ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിക്കപ്പെട്ടത് ഫോൺ, ടെലിവിഷൻ സേവനങ്ങളും തടസപ്പെടാൻ കാരണമായി. ഡയൽ അപ്പീൽ റൂട്ടറുകൾ തിരിച്ചറിയപ്പെടാതെ പോകുന്ന പ്രശ്നമാണ് ഇപ്പോൾ വ്യക്‌തമായിരിക്കുന്നത്. ഇതിനു പിന്നിൽ ഹാക്കർമാരാണെന്നാണ് സംശയം.

ചിലതരം റൂട്ടറുകൾക്കു മാത്രമാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. ഇത് ഏതൊക്കെ തരം മോഡലുകളാണെന്ന് പരിശോധിച്ചു വരുന്നു. നിർമാണ പ്രവർത്തനങ്ങൾക്കിടയിലും മറ്റും കേബിളുകൾ മുറിയുമ്പോൾ ചെറിയ പ്രദേശങ്ങളിൽ മാത്രം ഇന്റർനെറ്റ് കണക്ഷൻ നഷ്‌ടമാകുന്നതു സാധാരണമാണ്. ഇത്തരത്തിൽ വ്യാപകമായ വിച്ഛേദനം അത്യപൂർവമാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ