ഹൂസ്റ്റണിൽ അഗ്നിബാധയിൽ മലയാളി യുവതി മരിച്ചു
Wednesday, November 30, 2016 3:14 AM IST
ഹൂസ്റ്റൺ: ഹൂസ്റ്റൺ സൗത്ത് സൈഡ് മെഡിക്കൽ സെന്ററിനു സമീപമുളള കോണ്ടോമിനിയം കോംപ്ലക്സിലുണ്ടായ നവംബർ 29നുണ്ടായ അഗ്നിബാധയിൽ മലയാളി യുവതി മരിച്ചു. ഡാളസിൽ താമസിക്കുന്ന കോട്ടയം സ്വദേശികളായ ചെറിയാന്റേയും ലിസിയുടേയും മകളായ ഷെർളി (31) ആണ് മരിച്ചത്.

പുലർച്ചെ മൂന്നരയോടുകൂടിയാണ് കോംപ്ലക്സിൽ തീ പടർന്നത്. അരമണിക്കൂറിനുളളിൽ ആളിപ്പടർന്ന അഗ്നിയിൽ കോണ്ടോമിനിയത്തിന്റെ പലഭാഗങ്ങളും കത്തിയമർന്നു. ഇരുപതോളം കോണ്ടോകൾ കത്തിനശിച്ചതായി ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റ് വക്‌താവ് അറിയിച്ചു.

തീ ആളി പടരുന്നതിനിടെ റൂഫിൽ കയറിയ മറ്റൊരു സ്ത്രീയെ അഗ്നി സേനാഗംഗങ്ങൾ രക്ഷപ്പെടുത്തി. പൊളളലേറ്റ് മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നടന്ന തിരച്ചിലിലാണ് ഷെർളിയുടെ മൃതദേഹം വീടിനകത്തെ ബാത്ത് റൂമിൽനിന്നും കണ്ടെടുത്തത്.

റേഡിയോളജി ടെക്നോളജിസ്റ്റായി ജോലി ചെയ്യുന്ന ഷെർളി ഒറ്റയ്ക്കാണ് ഹൂസ്റ്റണിൽ കഴിഞ്ഞിരുന്നത്. ഡാളസ് മെട്രോ ചർച്ച് അംഗമാണ്. അഗ്നിബാധയെ കുറിച്ച് ഹൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ