വനിതകൾക്ക് ഡ്രൈവിംഗിന് അനുമതി നൽകണമെന്ന് സൗദി രാജകുമാരൻ
Wednesday, November 30, 2016 9:28 AM IST
റിയാദ്: രാജ്യത്ത് വാഹനമോടിക്കുന്നതിന് വനിതകൾക്കുള്ള നിരോധനം ഉടൻ നീക്കണമെന്ന് സൗദി രാജകുമാരൻ അൽവലീദ് ബിൻ തലാൽ. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാജകുമാരൻ ഇക്കാര്യമറിയിച്ചത്. ട്വിറ്റർ സന്ദേശം വലിയ ശ്രദ്ധ നേടിയതോടെ വിഷയം സംബന്ധിച്ച് കൂടുതൽ വിശദീകരണവുമായി രാജകുമാരന്റെ ഓഫീസ് പ്രസ്താവനയിറക്കി.

വനിതകൾക്കു വിദ്യാഭ്യാസം നിഷേധിക്കുന്നതുപോലെ ഗുരുതരമായ അവകാശലംഘനമാണ് ഡ്രൈവിംഗിന് അനുമതി നൽകാത്തതെന്നു പ്രസ്താവനയിൽ പറയുന്നു. സ്ത്രീകൾ യാത്രക്കായി സ്വകാര്യ–വിദേശ ടാക്സികളെ ആശ്രയിക്കുന്നതുകൊണ്ട് സാമ്പത്തിക നഷ്‌ടവുമുണ്ടാകുന്നു. ഭാര്യമാരെ യഥാസ്‌ഥലങ്ങളിലെത്തിക്കാൻ ഭർത്താക്കൻമാർ ജോലിസമയത്ത് ഓഫീസ് വിടുന്നത് തൊഴിൽ മേഖലയെയും ദോഷകരമായി ബാധിക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള സാമ്പത്തിക അവസ്‌ഥയിൽ വനിതകൾക്ക് ഡ്രൈവിംഗിന് അനുമതി നൽകേണ്ടത് അനിവാര്യമാണെന്നും പ്രസ്താവനയിൽ പറയുന്നു. വനിതകൾക്ക് ഡ്രൈവിംഗിന് അനുമതിയില്ലാത്ത ലോകത്തെ ഒരേയൊരു രാജ്യമാണ് സൗദി.