യുകെകെസിവൈഎൽ കാലമേള: ലിവർപൂളും മാഞ്ചസ്റ്ററും സംയുക്‌ത ജേതാക്കൾ
Wednesday, November 30, 2016 10:18 AM IST
ലണ്ടൻ: യുകെയിലെ ക്നാനായക്കാരുടെ യുവജന സംഘടനയായ യുകെകെസിവൈഎൽ കലാമേളയിൽ ചരിത്രം തിരുത്തിക്കുറിച്ച് ഓവറോൾ കിരീടം മാഞ്ചസ്റ്ററും ലിവർപൂളും പങ്കുവച്ചു.

രണ്ടും മൂന്നും സ്‌ഥാനങ്ങൾ യഥാക്രമം ന്യൂകാസിൽ യൂണിറ്റും ബർമിംഗ്ഹാം യൂണിറ്റും കരസ്‌ഥമാക്കി. ബർമിംഗ്ഹാം യൂണിറ്റിലെ ഡിയോൾ ഡൊമിനിക് കലാതിലകപട്ടം സ്വന്തമാക്കി.

സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ കലാമേള ഉദ്ഘാടനം ചെയ്തു. യുകെയിലെ മലയാളികൾക്കിടയിൽ ഇതുപോലെ യുവജനങ്ങൾക്കുവേണ്ടി മാത്രം നടത്തപ്പെടുന്നതും ഇത്രയും യുവജനങ്ങൾ പങ്കെടുക്കുന്നതും തന്നെ അദ്ഭുതപ്പെടുത്തിയെന്ന് മാർ സ്രാമ്പിക്കൽ പറഞ്ഞു.

ഏറെ വ്യത്യസ്തകൾ നിറഞ്ഞ ഉദ്ഘാടന ചടങ്ങ് തനതു ശൈലിയിൽനിന്നും വ്യത്യസ്തമായി ഒരു റോബോട്ടിക് ശൈലിയിൽ ഇറങ്ങിവരികയും അതിൽ തിരിതെളിച്ച് ഒരു ന്യൂ ജനറേഷൻ ശൈലിയിൽ നടന്ന ഉദ്ഘാടനം കാണികൾക്ക് പുത്തൻ അനുഭവമായിരുന്നു.

യുകെകെസിഎ ആസ്‌ഥാന മന്ദിരത്തിൽ നടന്ന കലാമേളയിൽ ക്നാനായ തനിമയും ആചാരങ്ങളും പുതിയ തലമുറയ്ക്ക് പകർന്നു നൽകുക എന്ന ഉദ്ദേശ്യത്തോടെ ക്രമീകരിച്ച മത്സര ഇനങ്ങളിൽ സാധാരണ മത്സരങ്ങൾ കൂടാതെ മൈലാഞ്ചി, ചന്തം ചാർത്ത്, പുരാതനപാട്ട് എന്നീ മത്സരങ്ങളും നടന്നു. ഇതിൽ പുരാതനപാട്ട് മത്സരവും സിനിമാറ്റിക് ഡാൻസ് മത്സരവുമാണ് കാണികൾക്ക് ഏറ്റവും കൂടുതൽ ആവേശം പകർന്നത്.

യുകെകെസിവൈഎൽ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ഷിബിൽ വടക്കേക്കര, ജോണി മലേമുണ്ട, സ്റ്റീഫൻ ടോം, സ്റ്റെഫിൻ ഫിലിപ്പ്, ഡേവിഡ് ജേക്കബ് എന്നിവർ കലാമേളക്ക് നേതൃത്വം നൽകി. യുകെകെസിവൈഎൽ സ്പിരിച്വൽ ഡയറക്ടറും വികാരി ജനറാളുമായ ഫാ. സജി മലയിൽപുത്തൻപുരയ്ക്കലിന്റേയും നാഷണൽ ഡയറക്ടറായ സിന്റോ ജോണിന്റേയും ജോമോൾ സന്തോഷിന്റേയും മുൻ ഡയറക്ടറായിരുന്ന ഷെറി ബേബിയുടേയും മാർഗനിർദേശങ്ങളായിരുന്നു കലാമേളയുടെ വിജയം സുനിശ്ചിതമാക്കിയത്.

റിപ്പോർട്ട്: സഖറിയ പുത്തൻകളം