ഇസ് ലാമിസ്റ്റ് പരാമർശം: ജർമൻ ഇന്റലിജൻസ് ഏജൻസി ഉദ്യോഗസ്‌ഥൻ അറസ്റ്റിൽ
Wednesday, November 30, 2016 10:20 AM IST
ബർലിൻ: ഇസ് ലാമിസ്റ്റ് അനുകൂല പരാമർശം നടത്തിയ ജർമൻ ഇന്റലിജൻസ് ഏജൻസി (ബിഎഫ്വി) ഉദ്യോഗസ്‌ഥൻ അറസ്റ്റിൽ. ഏജൻസിയുടെ ചില രേഖകൾ ഇയാൾ പുറത്തേക്ക് ചോർത്തിക്കൊടുത്തതായും സംശയിക്കുന്നു.

ഒരു ജർമൻ ദിനപത്രമാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ബിഎഫ്വി വക്‌താവ് ഇതു സ്‌ഥിരീകരിക്കാൻ തയാറായിട്ടില്ല എങ്കിലും ഇയാൾ ബിഎഫ്വിയുടെ കൊളോൺ ആസ്‌ഥാനത്ത് ബോംബ് വയ്ക്കാൻ പദ്ധതിയിട്ടിരുന്നു എന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു

ഗുരുതരമായ എന്തെങ്കിലും ഭീഷണിയുള്ളതായി ഇതുവരെ സൂചനകളൊന്നുമില്ല എന്നാണ് വക്‌താവ് പ്രതികരിച്ചത്. ജർമൻകാരനായ ഒരു ജീവനക്കാരന്റെ ഭാഗത്തുനിന്ന് സംശയാസ്പദമായ രീതിയിൽ ചില പെരുമാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്നും അദ്ദേഹം സമ്മതിച്ചു.

കള്ളപ്പേരിലാണ് ഇയാൾ സോഷ്യൽ മീഡിയയിൽ ഇസ് ലാമിസ്റ്റ് അനുകൂല അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിരുന്നത്. രഹസ്യ രേഖകൾ ചോർത്തിയത് ഇന്റർനെറ്റ് ചാറ്റ് റൂമുകളിലൂടെയാണെന്നതും ശ്രദ്ധേയം.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ