എം.ബി.രാജേഷ് എംപി ഡേവി മേയർ ജൂഡി പോളുമായി കൂടി കാഴ്ച നടത്തി
Thursday, December 1, 2016 3:00 AM IST
സൗത്ത് ഫ്ളോറിഡ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുവാൻ അമേരിക്കയിലെത്തിയ എം.ബി.രാജേഷ് എംപി ഡേവി മേയർ ജൂഡി പോളുമായി കൂടികാഴ്ച നടത്തി.

മേയറുടെ ക്ഷണപ്രകാരം സിറ്റി ഹാൾ ചേംബറിൽ എത്തിയ എം.ബി രാജേഷ് എം.പി രണ്ടു മണിക്കൂർ നീളുന്ന ദീർഘമായ ചർച്ച നടത്തി. വേസ്റ്റ് മാനേജ്മന്റ് പദ്ധതികൾ , മഴവെള്ള സംഭരണ പദ്ധതികൾ, സിറ്റി പരിധിയിലെ ആധുനിക കൃഷിരീതികൾ, മൃഗസംരക്ഷണം, സോളാർ പദ്ധതികൾ എന്നിവയെ കുറിച്ച് മേയർ വിശദീകരണം നൽകി. 2014 ൽ കേരളം സന്ദർശിച്ചിട്ടുള്ള മേയർ ജൂഡി പോൾ അടുത്ത സന്ദർശനവേളയിൽ പാലക്കാട് നിയോജക മണ്ഡലത്തിൽ, പ്രത്യേകിച്ച് അട്ടപ്പാടിയിൽ സന്ദർശനം നടത്തുവാൻ ആഗ്രഹം പ്രകടിപ്പിച്ചു.



മേയറുമായുള്ള കൂടിക്കാഴ്ച്ച ഏറേ പ്രയോജനകരമായിരുന്നുവെന്നും നമ്മുടെ നാടിനു ഗുണകരമായ പദ്ധതികൾ ഉൾക്കൊണ്ടുകൊണ്ട് പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്നും എം.ബി.രാജേഷ് പറഞ്ഞു.

ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായി സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് ആയി മത്സരിച്ച സാജൻ കുര്യൻ , ഇന്ത്യ പ്രസ് ക്ലബ് മുൻ പ്രസിഡന്റ് മാത്യു വർഗീസ് , ടൗൺ അഡ്മിനിസ്ട്രേറ്റർ റിച്ചാർഡ് ലീമാക്ക് എന്നിവർ സന്നിഹിതരായിരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം