കിഴക്കൻ പ്രവിശ്യയിൽ നിരവധി പദ്ധതികൾക്ക് സൽമാൻ രാജാവ് തുടക്കം കുറിച്ചു
Thursday, December 1, 2016 8:09 AM IST
ദമാം: സൗദി ഭരണാധികാരി സൽമാൻ രജാവിന്റെ ആദ്യ കിഴക്കൻ പ്രവിശ്യാ സന്ദർശനത്തോടനുബന്ധിച്ച് നിരവധി പദ്ധതികൾക്കാണ് സൽമാൻ രാജാവ് തുടക്കം കുറിച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും വലുതെന്നു കരുതുന്ന വൈദ്യുതി ഉത്പാദന പദ്ധതിയടക്കം നിരവധി വികസന പദ്ധതിക്കാണ് പ്രവിശ്യയിൽ തുടക്കമിട്ടത്.

റിഫൈനറികളും പെട്രോകെമിക്കൽ പദ്ധതികളും അടക്കമുള്ളവയാണ് ജുബൈലിൽ ഉദ്ഘാടനം ചെയ്തത്. ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയുടെയും സ്വകാര്യ മേഘലയിലേതടക്കം 242 വിവിധ പദ്ധതികൾക്കാണ് ജുബൈലിൽ രാജാവ് തുടക്കം കുറിച്ചത്. മലിന ജലം നീക്കം ചെയ്യുന്ന പ്ലാന്റ്, കോബാർ, ദഹ്റാൻ, ഖത്തീഫ് എന്നിവിടങ്ങളിൽ മത്സ്യബന്ധന തൊഴിലാളികൾക്കായി പോർട്ടുകളുടെ നിർമാണം, കാർഷിക, ജല വിതരണ പദ്ധതികൾക്കും രാജാവ് തുടക്കം കുറിച്ചു.

അൽഹസ കിംഗ് ഫൈസൽ യൂണിവേഴ്സിറ്റി, ദമാം കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസ്, ദമാം യുണിവേഴ്സിറ്റി എന്നിവയുടെ വികസനം ദമാം കിംഗ് അബ്ദുൾ അസീസ് പോർട്ടിൽ കണ്ടെയ്നറുകളുടെ എണ്ണം പതിനഞ്ച് ലക്ഷത്തിൽ നിന്നും നാൽപത് ലക്ഷമായി ഉയർത്തുന്നതടക്കമുള്ള ഒട്ടനവധി പദ്ദതികൾക്കും രാജാവ് തുടക്കം കുറിച്ചു.

പ്രവിശ്യയിലെ വിവിധ ആശുപത്രികളുടെ വികസനം അടക്കം നിർമാണം പൂർത്തിയാക്കിയ പല പദ്ദതികളും പൊതുജനത്തിനായി തുറന്നു കൊടുത്തു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം