നാൻസി പെലോസി യുഎസ് ഹൗസ് ഡമോക്രാറ്റിക്ക് ലീഡർ
Thursday, December 1, 2016 8:18 AM IST
വാഷിംഗ്ടൺ: യുഎസ് ഹൗസ് മൈനോരിട്ടി ലീഡറായി നാൻസി പെലോസി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 30ന് നടന്ന തെരഞ്ഞെടുപ്പിൽ ഒഹായോവിൽ നിന്നുളള പ്രതിനിധി ടിം റയനെ 63നെതിരെ 134 വോട്ടുകൾക്കാണ് നാൻസി തോൽപ്പിച്ചത്.

പൊതു തെരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിയുടെ പരാജയത്തിനു ഉത്തരവാദിയാണെന്ന് ആരോപണം ഉയർന്നിരുന്നുവെങ്കിലും എഴുപത്താറുകാരിയായ നാൻസിയെ തന്നെയാണ് പാർട്ടിയെ നയിക്കുവാൻ തിരഞ്ഞെടുത്തത്.പതിനഞ്ച് വർഷം മുമ്പ് യുഎസ് ഹൗസ് സ്പീക്കറായി നാൻസി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ആദ്യ വനിതാ സ്പീക്കർ എന്ന ബഹുമതി ലഭിച്ചിരുന്നു.

ടിം റയന് ലഭിച്ച 63 വോട്ടുകൾ ഡമോക്രാറ്റിക്ക് പാർട്ടിയിൽ ശക്‌തമായ ചേരിതിരിവുണ്ടെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ജയിക്കുമെന്ന പ്രതീക്ഷയിൽ മത്സരരംഗത്തെത്തിയ റയൻ പരാജയപ്പെട്ടതിൽ നിരാശനാണ്. അടുത്ത രണ്ട് വർഷത്തേക്കുകൂടി നാൻസി പാർട്ടിയെ നയിക്കണമെന്നാണ് ഭൂരിപക്ഷം ഡമോക്രാറ്റിക്ക് പാർട്ടി പ്രതിനിധികളും അഭിപ്രായപ്പെട്ടത്. ട്രംപിനെ നേരിടുന്നതിന് പരിചയസമ്പന്നയായ നാൻസിക്ക് കഴിയുമെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ