പാർലമെന്റ് മാർച്ച്; ദമാം കാലിക്കട്ട് എയർപോർട്ട് യൂസേഴ്സ് ഫോറം പങ്കെടുക്കും
Thursday, December 1, 2016 10:10 AM IST
ദമാം: കോഴിക്കോട് വിമാനത്താവളത്തോടുള്ള അവഗണനക്കെതിരേ മലബാർ ഡെവലപ്മെന്റ് ഫോറം ഡിസംബർ അഞ്ചിന് നടത്തുന്ന പാർലമെന്റ് മാർച്ചിൽ ദമാമിൽ നിന്നുള്ള കാലിക്കട്ട് എയർപോർട്ട് യൂസേഴ്സ് ഫോറം പ്രതിനിധികൾ പങ്കെടുക്കും. നിർവാഹക സമിതി അംഗങ്ങളായ കമാൽ അഹമ്മദ്, അബൂബക്കർ മാങ്കാവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും മാർച്ചിൽ പങ്കെടുക്കുക.

കോഴിക്കോട് എയർപോർട്ട് നിലനിൽക്കേണ്ടത് മലബാറിൽ നിന്നുള്ള പ്രവാസികളുടെ സുഗമമായ യാത്രയ്ക്ക് അനിവാര്യമായതിനാൽ വിമാനത്താവള സംരക്ഷണത്തിന് ഏതറ്റം വരെ പോകാനും തയാറാണെന്ന് ചെയർമാൻ അഹമ്മദ് പുളിക്കൽ വ്യക്‌തമാക്കി. റൺവേ ജോലികൾ അവസാന ഘട്ടത്തിലാണെന്നും ഡിസംബർ അവസാനത്തോടെ പൂർത്തിയാകുമെന്നും എയർപോർട്ട് ഡയറക്ടർ ജനാർദ്ദനൻ അറിയിച്ചിരുന്നു. എ330 ഇനത്തിൽപെട്ട വലിയ വിമാനങ്ങൾ ഇറക്കുന്നതിന് സിവിൽ ഏവിയേഷന്റെ അനുമതി ആവശ്യമാണ്. എയർപോർട്ട് അതോറിറ്റിക്ക് അതിൽ ഇടപെടാൻ സാധിക്കില്ല. എങ്കിലും താൽകാലിക അനുമതിയിൽ എ330 വിമാനം സർവീസ് നടത്താമെങ്കിൽ അതിനായി ഡിജിസിഎയോട് ശിപാർശ ചെയ്യുമെന്നും യുസേഴ്സ് ഫോറവുമായി നടത്തിയ ചർച്ചയിൽ അദ്ദേഹം ഉറപ്പു നൽകിയിരുന്നു. ജനുവരിയിൽ വലിയ വിമാനങ്ങൾ ഇറക്കുവാനുള്ള അനുമതി കിട്ടിയില്ലെങ്കിൽ ഫോറം ഭാരവാഹികൾ വീണ്ടും ഡിജിസിഎയെ കാണും. കഴിഞ്ഞ ജനുവരിയിൽ സിവിൽ ഏവിയേഷൻ അധികൃതരെ നേരിട്ട് കണ്ട് റൺവേ ജോലികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും വലിയ വിമാനങ്ങൾ ഇറക്കുന്നതിനുമായി ദമാം കാലിക്കട്ട് എയർപോർട്ട് യൂസേഴ്സ് ഫോറം അപേക്ഷ സമർപ്പിച്ചിരുന്നു.

നിലവിലെ സംവിധാനത്തിൽ തന്നെ സൗദി എയർലൈൻസും എമിറേറ്റ്സും സർവീസ് തുടരാൻ തയാറായ സാഹചര്യത്തിൽ ആവശ്യമായ നടപടികൾ എയർപോർട്ട് അതോറിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്. സൗദിയിലെ സംഘടനകളുമായി ബന്ധപ്പെട്ട് കൂട്ടായ ശ്രമങ്ങൾ തുടരുമെന്നും ജനറൽ കൺവീനർ ടി.പി.എം. ഫസൽ, ഭാരവാഹികളായ സൈനുൽ ആബിദീൻ, മുഹമ്മദ് നജാത്തി, അബ്ദുൾ മജീദ്, ഫിറോസ് ഹൈദർ, അബ്ദുൾ റസാഖ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം