ഇറ്റലിയിലും ഓസ്ട്രിയയിലും നിർണായക വോട്ടെടുപ്പുകൾ
Thursday, December 1, 2016 10:10 AM IST
ബ്രസൽസ്: ഇറ്റലിയിലും ഓസ്ട്രിയയിലും ഞായറാഴ്ച നിർണായക വോട്ടെടുപ്പുകൾ. യൂറോപ്പിന്റെ സാമ്പത്തിക സ്‌ഥിതിയെ സ്വാധീനിക്കാൻ ഇടയുള്ള തെരഞ്ഞെടുപ്പു ഫലങ്ങൾ മറ്റൊരു സാമ്പത്തിക മാന്ദ്യത്തിനും കാരണമായേക്കും എന്ന ആശങ്ക യൂറോസോണിൽ ശക്‌തം.

ഓസ്ട്രിയയിൽ നടക്കുന്നത് പ്രസിഡന്റ് തെരഞ്ഞെടുപ്പാണ്. ഇതിൽ യൂറോപ്പിൽ ആദ്യമായൊരു തീവ്ര വലതുപക്ഷ നേതാവ് അധികാരത്തിലെത്താനുള്ള സാധ്യതയാണ് തെളിഞ്ഞു നിൽക്കുന്നത്. നോർബർട്ട് ഹോഫർ എന്ന വലതുപക്ഷക്കാരൻ ജയിക്കുമെന്നാണ് മിക്ക സർവേകളിലും കാണുന്നത്.

ഹോഫർ ജയിച്ചാൽ അഭയാർഥി നയം അടക്കം സുപ്രധാനമായ പല കാര്യങ്ങളിലും ഓസ്ട്രിയയുടെ നിലപാടുകൾ മാറിമറിയും. നിലവിൽ ഏറ്റവും ഉദാരമായ അഭയാർഥി നയം സ്വീകരിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ.

ഇറ്റലിയിൽ നടക്കുന്ന ഭരണഘടനാ പരിഷ്കരണത്തിനുള്ള ജനഹിത പരിശോധന മാത്രമാണെങ്കിലും ഫലം ഏറെക്കുറെ സമാനമാകുമെന്നാണ് പ്രവചനം. രാജ്യത്തിന്റെ യുവ പ്രധാനമന്ത്രി മാറ്റിയോ റെൻസി മുൻകൈയെടുത്തു നടത്തുന്ന ഹിതപരിശോധനയാണിത്. പതിറ്റാണ്ടുകളായി രാജ്യത്ത് പതിവുള്ള ഭരണപരമായ അസ്‌ഥിരത പരിഹരിക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.

സെനറ്റിന്റെ അംഗബലവും അധികാരങ്ങളും വെട്ടിക്കുറയ്ക്കുകയാണ് ഹിത പരിശോധനയുടെ ലക്ഷ്യം. സെനറ്റ് അംഗങ്ങളുടെ എണ്ണം പകുതിയാക്കാമെന്നും അവരെ തെരഞ്ഞെടുക്കുന്നതിനു പകരം നാമനിർദേശം ചെയ്യാമെന്നും റെൻസി നിർദേശിക്കുന്നു. എന്നാൽ, ഈ നിർദേശം പരാജയപ്പെടുമെന്നാണ് മിക്ക സർവേകളിലും കാണുന്നത്. പരാജയപ്പെട്ടാൽ താൻ രാജിവയ്ക്കുമെന്ന് റെൻസി നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ