സൂറിച്ചിൽ സംഗീതവിരുന്ന് ഡിസംബർ മൂന്നിന്
Thursday, December 1, 2016 10:11 AM IST
സൂറിച്ച്: ലൈറ്റ് ഇൻ ലൈഫ് എന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനസമാഹരണത്തിന്റെ ഭാഗമായി ബാലഭാസ്കറിന്റെ സംഗീത വിരുന്നും നിരവധി കലാകാരന്മാർ ഒരുക്കുന്ന കലാവിരുന്നും ഡിസംബർ മൂന്നിന് (ശനി) വൈകുന്നേരം അഞ്ചിന് സൂറിച്ചിൽ നടക്കും.

ലൈറ്റ് ഇൻ ലൈഫ് എന്ന പേരിൽ സ്വിസിലെ 11 കുടുംബങ്ങൾ ഒത്തൊരുമിച്ചത് കേരളത്തിലെ ഇടുക്കി ജില്ലയിലെ മലയോര ഗ്രാമങ്ങളിൽ നൂറിലധികം പേർക്ക് തലചായ്ക്കാൻ ഇടമായി. ഇടുക്കി രൂപതയോട് ചേർന്നാണ് ഭവന നിർമാണ പദ്ധതി നടപ്പാക്കുന്നത്. ഇതിനുപുറമേ വികലാംഗ ക്ഷേമ പദ്ധതികളും വിദ്യാഭ്യാസ, ആരോഗ്യ സഹായ പദ്ധതികളും മേഘാലയയിലെ സ്കൂൾ പ്രോജക്ടും സ്വിറ്റ്സർലൻഡിലെ സഹൃദയരായ ആളുകളുടെ സഹായത്തോടെ ലൈറ്റ് ഇൻ ലൈഫ് നടത്തിവരുന്നു. നികുതി രഹിതമാണ് സംഭാവനകൾ. സ്വിസ് ചാരിറ്റി ഓർഗനൈസേഷനോട് ചേർന്ന് അഭയാർഥികൾക്കുവേണ്ടിയുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഈ കൂട്ടായ്മ പ്രവർത്തിച്ചുവരുന്നു.

ലൈറ്റ് ഇൻ ലൈഫ് ഒരുക്കുന്ന ഇന്ത്യൻ സംഗീത, കലാ, ഭക്ഷണ വിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യു ന്നതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ