സമര പരമ്പര അവസാനിപ്പിക്കാൻ പുതിയ ശമ്പള വാഗ്ദാനവുമായി ലുഫ്താൻസ
Thursday, December 1, 2016 10:13 AM IST
ബർലിൻ: 2014 ഏപ്രിൽ മുതൽ തുടരുന്ന സമര പരമ്പര അവസാനിപ്പിക്കാൻ ലുഫ്താൻസ മാനേജ്മെന്റ് പുതിയ ശമ്പള പാക്കേജ് മുന്നോട്ടു വച്ചു.

4.4 ശതമാനം വർധനയാണ് വാഗ്ദാനം. രണ്ടു വർഷമെടുത്തേ ഇതു പൂർത്തിയാക്കൂ. മറ്റ് ഉപാധികളൊന്നും ഇതിനു ബാധകമായിരിക്കില്ലെന്നും കമ്പനി പറയുന്നു. ഇതു കൂടാതെ ഒരു ഒറ്റത്തവണ പ്രതിഫലവും നൽകും.

കഴിഞ്ഞ ആഴ്ച ആകെ ആറു ദിവസമാണ് പൈലറ്റുമാരുടെ സമരം വിമാന സർവീസുകളെ ബാധിച്ചത്. 4461 ഫ്ളൈറ്റുകൾ റദ്ദാക്കി. അഞ്ച് ലക്ഷത്തോളം യാത്രക്കാരെ ഇതു ബാധിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച മാത്രം 890 റദ്ദാക്കലുകൾ മൂലം 98,000 പേരെ സമരം ബാധിച്ചിരുന്നു.

അതേസമയം മാനേജ്മെന്റ് മുന്നേട്ടുവച്ച വാഗ്ദാനത്തെക്കുറിച്ച് പൈലറ്റുമാരുടെ യൂണിയനായ കോക്ക്പിറ്റ് പ്രതികരിച്ചിട്ടില്ല.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ