സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്‌ഥർ മസ്കറ്റിൽ
Friday, December 2, 2016 10:11 AM IST
മസ്കറ്റ്: കേരളത്തിന്റെ സ്വന്തം ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പെടെയുള്ള ബാങ്കുകൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിക്കുമെന്നുറപ്പായ സാഹചര്യത്തിൽ ഇടപാടുകാർക്ക് ആത്മവിശ്വാസം പകരാൻ സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്‌ഥർ മസ്കറ്റിലെത്തി.

എസ്ബിടി മാനേജിംഗ് ഡയറക്ടർ സി.ആർ.ശശികുമാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എം.ഡി. സന്താനു മുഖർജി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എൻആർഐ വിഭാഗം ജനറൽ മാനേജർ പി.കെ. മിശ്ര തുടങ്ങിയവരാണ് ലയന സംബന്ധമായ സംശയങ്ങൾക്ക് മറുപടി നൽകാനെത്തിയത്.

ഗ്ലോബൽ മണി എക്സ്ചേഞ്ച് നടത്തിയ കസ്റ്റമർ മീറ്റിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പെടെയുള്ള ബാങ്കുകളുടെ എസ്ബിഐയുമായുള്ള നിർദിഷ്‌ട ലയന തീരുമാനവുമായി ബന്ധപ്പെട്ട് ഇടപാടുകാർക്കുള്ള ആശങ്കകൾ ദുരീകരിച്ചു.

2002 ൽ ഒമാനിൽ തുടക്കം കുറിച്ച ഗ്ലോബൽ മണി എക്സ്ചേഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ധന വിനിമയ സ്‌ഥാപനമാണ്. സ്വദേശികളുൾപ്പെടെ 270 ൽ പരം ആളുകളാണ് സ്‌ഥാപനത്തിൽ ജോലി ചെയ്യുന്നത്. കമ്പനിയുടെ ജനറൽ മാനേജർ ഉൾപ്പെടെ ഇരുപതിൽപരം സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്‌ഥർ മൂന്നു വർഷത്തെ ഡെപ്യൂട്ടേഷനിൽ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഗാലാ സനയ്യയിൽ പ്രവർത്തനം ആരംഭിച്ച ശാഖയുൾപ്പെടെ നിലവിൽ 36 സേവന കേന്ദ്രങ്ങളാണ് ഗ്ലോബലിനുള്ളത്.

മസ്കറ്റ് ഇന്റർ കോണ്ടിനന്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ മണി എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ കെ.എസ്. സുബ്രഹ്മണ്യൻ, ജനറൽ മാനേജർ ആർ. മധുസൂദനൻ തുടങ്ങിയവരും ഇടപാടുകാരുമായി സംവദിച്ചു. ലിജു വർഗീസ് പരിപാടികൾ നിയന്ത്രിച്ചു. ആർ. മധുസൂദനൻ,

ശേഖർ ഗോപാൽ എന്നിവർ പ്രസംഗിച്ചു. സേതു രാമ ലിംഗം, രാഹുൽ സൗരഭ്, വി.ശിവകുമാർ, തോമസ് രാജു, സി. ശങ്കർ, ആർ. ചിദംബരം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സേവ്യർ കാവാലം