റോക്ക് ലാൻഡ് ക്നാനായ മിഷനിൽ മാർ ജോയി ആലപ്പാട്ടിന്റെ സന്ദർശനവും ക്രിസ്മസ് കരോൾ ഉദ്ഘാടനവും
Saturday, December 3, 2016 3:06 AM IST
ന്യൂയോർക്ക്: റോക്ക് ലാൻഡ് സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ ഷിക്കാഗോ സീറോ മലബാർ രൂപതയുടെ സഹായമെത്രാൻ മാർ ജോയി ആലപ്പാട്ട് സന്ദർശനം നടത്തി. മിഷൻ അംഗങ്ങൾ ഒന്നിച്ചു കൂടാറുള്ള മരിയൻ ഷ്രയിനിൽ ഞായറാഴ്ച രാവിലെ അഭിവന്ദ്യ പിതാവിനു മിഷൻ ഡയറക്ടർ ഫാ. ജോസഫ് ആദോപ്പിള്ളി , കൈക്കാരന്മാരായ സിബി മണലേൽ, ഫിലിപ്പ് ചാമക്കാല, ട്രേസി മണിമല, വെസ് ചെസ്റ്റർ വിഷന്റെ കൈക്കാരന്മാരായ എബ്രഹാം പുളിയാലക്കുന്നേൽ, റെജി ഒഴുങ്ങാലിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്നു അർപ്പിക്കപ്പെട്ട ദിവ്യബലിക്ക് അഭിവന്ദ്യ പിതാവ് മുഖ്യ കാർമികത്വം വഹിച്ചു.

മംഗളവാർത്താ കാലത്തിലെ ആദ്യ ഞായറാഴ്ചത്തെ സുവിശേഷ ഭാഗം മനോഹരമായി പിതാവ് വ്യാഖ്യാനിച്ചു. ദേവാലയ ശുശ്രൂഷക്കിടയിൽ സക്കറിയക്ക് ചടങ്ങായ പ്രതിസന്ധി പ്രാർത്ഥനയിലൂടെ തരണം ചെയ്ത് നമുക്ക് എന്നും മാതൃകയാണ്. പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യേണ്ടത് വിശ്വാസത്തോട് കൂടിയുള്ള പ്രാർത്ഥനയിലൂടെയാണ് എന്ന് പിതാവ് ഓർമിപ്പിച്ചു. ന്യൂയോർക്ക് മിഷനിൽ ഉണ്ടായ പ്രശ്നങ്ങളെ സഭ വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നതെന്നും കരുതലോടെയും പ്രകോപനങ്ങൾ ഇല്ലാതെയുമുള്ള മിഷന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും പിതാവ് അറിയിച്ചു. വി. കുർബാന അർപ്പിക്കേണ്ടത് ദേവാലയ അന്തരീക്ഷത്തിലാണെന്നും സ്വന്തമായ ഒരു ദേവാലയത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നു അദ്ദേഹം ഏവരോടും ആഹ്വാനം ചെയ്തു.



ദിവ്യബലിക്ക് ശേഷം സോഷ്യൽ ഹാളിൽ ചേർന്ന മീറ്റിങ്ങിൽ മിഷൻ അംഗങ്ങളുമായി സംവാദിക്കുവാനും അവരുടെ സംശയങ്ങൾ ദൂരീകരിക്കുവാനും പിതാവ് പ്രത്യേകം സമയം കണ്ടെത്തി. ഈ വർഷത്തെ ക്രിസ്മസിന് ഒരുക്കമായി 25 ദിവസം പ്രാർത്ഥിക്കുവാനായി ഓരോ കുടുംബത്തിനും ക്രിസ്മസ് ഫ്രണ്ടായി ആയി മറ്റൊരു കുടുംബത്തെയും ഓരോ വൈദികരേയും നൽകി. പ്രാർത്ഥനയാണ് ക്രൈസ്തവരുടെ ഏറ്റവും വലിയ ആയുധമാണ് അദ്ദേഹം അംഗങ്ങളെ ഓർമ്മിപ്പിച്ചു. തന്റെ പൗരോഹിത്യ ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ പങ്കുവച്ചു ധീരമായി മുന്നേറുവാൻ വിശ്വാസ സമൂഹത്തോട് പിതാവ് ആഹ്വാനം ചെയ്തു.

റോക്ക് ലാൻഡ് വെസ്ചെസ്റ്റർ വിഷനുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് കരോൾ ജസ്റ്റിൻ ചാമക്കാലയുടെ ഭവനത്തിൽ വച്ചു അഭിവന്ദ്യ പിതാവ് ഉദ്ഘാടനം ചെയ്തു. തദവസരത്തിൽ അഭി. പിതാവ് പാടിയ കരോൾഗാനം ഏറെ ശ്രദ്ധ നേടി. നിരവധി പേർ പങ്കെടുത്തുകൊണ്ട് ക്രിസ്തുമസ് കരോൾ വിജയപ്രദമായി മിഷനുകളിൽ നടന്നുവരുന്നു. അഭി. പിതാവിന്റെ സാനിധ്യത്തിനും പ്രാർഥനക്കും പ്രോത്സാഹനത്തിനും കൈക്കാരൻ ഫിലിപ്പ് ചാമക്കാല പ്രത്യേക നന്ദി അറിയിച്ചു.

റിപ്പോർട്ട്: തോമസ് പാലച്ചേരിൽ