ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ഇന്ത്യൻ അമേരിക്കൻ സ്വർണ വ്യാപാരിക്ക് തടവ് ശിക്ഷ
Saturday, December 3, 2016 8:14 AM IST
ന്യൂജേഴ്സി: യുഎസ് ജസ്റ്റീസ് ഡിപ്പാർട്ട്മെന്റ് ചാർജ് ചെയ്ത ഏറ്റവും വലിയ വീസ തട്ടിപ്പ് കേസിലെ പ്രതി ഇന്ത്യൻ അമേരിക്കൻ വംശജൻ വിനോദിനെ ന്യൂജേഴ്സി യുഎസ് ഡിഡ്സ്ട്രിക്റ്റ് ജഡ്ജി ആനി ഇ. തോംപ്സൺ രണ്ടു വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചു.

നവംബർ 30ന് ഉണ്ടായ വിധിയിൽ 4,41,000 ഡോളർ പിഴ ഈടാക്കുന്നതിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആയിരക്കണക്കിന് ക്രെഡിറ്റ് കാർഡുകൾ ലഭിക്കുന്നതിന് ഏഴായിരത്തിലധികം തെറ്റായ ഐഡന്റിറ്റികളാണ് ഇവർ ഉപയോഗിച്ചത്. ക്രെഡിറ്റ് കാർഡ് പണം കടം എടുക്കുന്നതിനും ചെലവഴിക്കുന്നതിനും ഉപയോഗിച്ചുവെങ്കിലും ഒരു പെനിപോലും തിരിച്ചടച്ചിരുന്നില്ല.

19 പേരുളള സംഘമാണ് ക്രെഡിറ്റ് കാർഡ് തട്ടിപ്പിന് ഗൂഢാലോചന നടത്തിയത്. ഇവർ പിന്നീട് കുറ്റം സമ്മതിച്ചിരുന്നു. ന്യൂജേഴ്സിയിലുളള വിനോദിന്റെ സ്വർണ കടയിലാണ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്നത്.

2013 ലാണ് വിനോദിന്റെ പേരിൽ ഗൂഡാലോചന കുറ്റം ചുമത്തി കേസെടുത്തത്. ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്തതിൽ പണമിടപാടു സ്‌ഥാപനങ്ങൾക്ക് 200 മില്യൺ ഡോളറിലധികം നഷ്‌ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ